കോഴഞ്ചേരി: വീടിനോടു ചേര്‍ന്ന അയല്‍വാസിയുടെ പറമ്പില്‍ നട്ടുവളര്‍ത്തി പരിപാലിച്ച നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ കേസിലെ പ്രതി കീഴടങ്ങി.
കഞ്ചാവ് കൈവശംവച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുറമറ്റം മുണ്ടമല കുളത്തിന്റെ വടക്കേ വീട്ടില്‍ സുനിലാ(22)ണ് ഒളിവില്‍ കഴിഞ്ഞശേഷം കീഴടങ്ങിയത്.
കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന്, അന്നത്തെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയും ഇപ്പോള്‍ പത്തനംതിട്ട അഡീഷണല്‍ എസ്പിയുമായ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ കഞ്ചാവ് ചെടി പിടിച്ചെടുത്തത്.
ഡാന്‍സാഫ് സംഘവും കോയിപ്രം പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ ചെടി പോലീസ് പിടിച്ചെടുത്തിരുന്നു. സ്ത്രീക്കു നേരേ കൈയേറ്റം നടത്തി മാനഹാനിയുണ്ടാക്കിയ കേസിലും ഇയാള്‍ പ്രതിയാണ്.
കഴിഞ്ഞ പത്തിന് പ്രതി കോടതിയില്‍ കീഴടങ്ങി ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരികയാണ്. കോയിപ്രം എസ്ച്ച്ഒ സജീഷ് കുമാര്‍, ഡാന്‍സാഫ് എസ്ഐ അജി സാമുവല്‍, കോയിപ്രം എസ്ഐ അനൂപ്, എസ്ഐമാരായ താഹാകുഞ്ഞ്, മോഹനന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.