കുമളി: വീടിന്റെ മേൽക്കൂരയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അണക്കര സ്വദേശി പോലീസ് പിടിയിലായി. അണക്കര ഏഴാംമൈൽ വിരുത്തി പറന്പിൽ വിമൽ ശ്യാം ആണ് പിടിയിലായത്. മേൽക്കൂര ഷീറ്റിനുമുകളിൽ പ്ലാസ്റ്റിക് കവറിനുള്ളിലാണ് മൂന്ന് കഞ്ചാവ്ചെടികൾ നട്ടുവളർത്തിയിരുന്നത്.
വണ്ടൻമേട് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെയാണ് വിമൽ ശ്യാം പിടിയിലായത്. രാത്രിയിൽ സംശയകരമായി റോഡരികിൽ ഫോണ് ചെയ്തുനിന്ന പ്രതിയെ പോലീസ് പരിശോധിച്ചു. ഇയാളുടെ ഫോണിൽനിന്ന് കഞ്ചാവ് ചെടിയുടെ പടം പോലീസിനു ലഭിച്ചു. സംഭവത്തെ പറ്റി അന്വേഷിച്ചപ്പോൾ കഞ്ചാവിന്റെ മൂന്ന് ചെടികൾ ഇയാളുടെ വീടിനു മുകളിൽനിന്ന് കണ്ടെത്തി.
മേൽക്കൂര ഷീറ്റിന്റെ പാത്തിയിൽ ഒളിപ്പിച്ചിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിലാണ് കഞ്ചാവ് നട്ടുവളർത്തിയിരുന്നത്. എന്നാൽ ഇതേപറ്റി വീട്ടിലെ മറ്റാർക്കും അറിവുണ്ടായിരുന്നില്ലെന്നു പറയുന്നു.കഞ്ചാവ് നട്ടുവളർത്തിയിരുന്ന പ്ലാസ്റ്റിക്ക് കവറിനു മുകളിലായി കാട്ടുവളളികൾ പടർന്നു കിടന്നിരുന്നതിനാൽ മറ്റാരും കഞ്ചാവുചെടി ശ്രദ്ധിച്ചിരുന്നില്ല. പ്രതിയെ വണ്ടൻമേട് പോലീസ് കുമളി പോലീസിനു കൈമാറി. കോടതിയിൽ ഹാജരാക്കി.