കടുത്തുരുത്തി: യുവാവിന്റെ വീട്ടിൽനിന്നും പിടികൂടിയത് കഞ്ചാവ് ചെടികൾ തന്നെയെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി എക്സൈസ്. പെരുവ മാവേലിത്തറയിൽ വീട്ടിൽ മാത്യൂസ് റോയിയുടെ വീടിന്റെ പുറകിൽ നിന്ന് ഏതാനും മാസം മുന്പ് 33 കഞ്ചാവ് ചെടികൾ കടുത്തുരുത്തി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സി. സുരേഷും സംഘവും ചേർന്ന് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എക്സൈസ് പിടിച്ചെടുത്ത ചെടികളാണ് കഞ്ചാവ് ചെടി തന്നെയാണെന്ന് സ്ഥിരീകരിച്ചതെന്ന് എടുത്തുരുത്തി എക്സൈസ് അറിയിച്ചത്.
പിടിച്ചെടുത്ത ചെടികൾ കഞ്ചാവ് തന്നെയാണെന്ന് വ്യക്തമായത് വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണെന്ന് കടുത്തുരുത്തി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സി. സുരേഷ് അറിയിച്ചു. പിടിച്ചെടുത്ത ചെടി കഞ്ചാവല്ലെന്നും കാട്ടുപാവലാണെന്നു പ്രചരണങ്ങൾ ചിലർ സോഷ്യൽ മീഡിയ വഴി നടത്തിയിരുന്നു.
കൂടാതെ വീട്ടുകാർ ഇതുസംബന്ധിച്ചു മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, എക്സൈസ് കമ്മീഷൻ, ഡിജിപി തുടങ്ങിയവർക്ക് പരാതിയും നൽകിയിരുന്നു. ഈ പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നും എക്സൈസ് ഉദ്യോഗസ്ഥരെയും ഡിപ്പാർട്ടുമെന്റിനെയും അപകീർത്തിപെടുത്തുവാൻ വേണ്ടി ചിലർ നടത്തിയ ബോധപൂർവമായ ശ്രമമാണെന്നും പരിശോധനാഫലം വന്നതോടെ വ്യക്തമായതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ഈ കേസിന്റെ തുടരന്വേഷണം വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെകട്ർ കെ.എസ്. സുരേഷിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഈ കേസിലെ പ്രതി മാത്യൂസ് കഞ്ചാവുൾപെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.