ചിങ്ങവനം: ജനങ്ങളിൽ ഭീതി പരത്തി ചിങ്ങവനത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ തഴച്ചു വളരുന്നു. ഇരകളാക്കപ്പെടുന്നതിൽ സ്കൂൾ കുട്ടികളായതോടെ രക്ഷിതാക്കളും ഭീതിയുടെ മുൾമുനയിലാണ്. ജില്ലയിലെ കഞ്ചാവ് വിൽപ്പനയിൽ മുൻപന്തിയിലെത്തുകയാണ് ചിങ്ങവനമെന്നാണ് പോലീസിന്റെ പക്കലുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.
ചിങ്ങവനം, മാവിളങ്ങ്, പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ, ഇതര സംസ്ഥാനക്കാർ ഏറെ തന്പടിച്ചിട്ടുള്ള കടുവാക്കുളം എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് വിൽപ്പന തകൃതിയായി നടക്കുകയാണ്. കൂടാതെ കുട്ടികളെ വലയിലാക്കാൻ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളും സജീവമാണ്.
ഇടുക്കിയിൽ നിന്നും കെഎസ്്ആർടിസി ബസുകളിലും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിലും സ്വകാര്യ ബസുകളിലും ഇടനിലക്കാർ വഴി വന്നെത്തുന്ന കഞ്ചാവ് പലരിലൂടെ കൈമാറിയാണ് പ്രദേശത്തെ വിൽപ്പനക്കാരിലെത്തുന്നതെന്നാണ് പോലീസ് പറയുന്നത്.
രഹസ്യ വിവരത്തെ തുടർന്നു നടത്തുന്ന പോലീസ് റെയ്ഡിൽ പിടിക്കപ്പെടുന്നവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ചു ഉറവിടം തേടിപ്പിടിക്കുകയെന്നത് പോലീസിന് ബാലികേറാമലയാണ്. അതിനാൽ പ്രാദേശിക വിൽപ്പനക്കാരെ പിടികൂടിയാൽ കേസെടുത്ത് തുടർനടപടികൾ പൂർത്തിയാക്കി കൈകഴുകുകയാണ് പോലീസ്. ഇവരിൽ നിന്നും പിടിച്ചെടുക്കുന്നതാകട്ടെ 30ഗ്രാമിൽ താഴെ കഞ്ചാവ് മാത്രം.
നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാനുള്ള തന്ത്രങ്ങളെല്ലാം പയറ്റിയാണ് കച്ചവടക്കാർ കളത്തിലിറങ്ങുന്നത്. ഇടനിലക്കാർ വഴി വന്നെത്തുന്ന കഞ്ചാവ് രഹസ്യ കേന്ദ്രത്തിലൊളിപ്പിച്ച് ചെറിയ അളവിലുള്ള പൊതികളാക്കിയാണ് കച്ചവടത്തിനിറങ്ങുന്നത്. തങ്ങളുടെ സ്ഥിരം കേന്ദ്രങ്ങളിൽ കാത്തു നിൽക്കുന്ന ആവശ്യക്കാർക്ക് കൊടുക്കാനുള്ള പൊതികൾ മാത്രമേ കയ്യിൽ കരുതുകയുള്ളൂ. വീണ്ടും ഇതേ രീതിയിൽ അടുത്ത കേന്ദ്രത്തിലേക്ക്.
ചെറിയ അളവിൽ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയിൽ നിന്നും തലയൂരി വൈകാതെ വീണ്ടും കച്ചവടത്തിനിറങ്ങുകയും ചെയ്യാം. ഇത്തരത്തിൽ നിരവധി തവണ പിടിക്കപ്പെട്ട് കേസിലായവർ വീണ്ടും വന്നെത്തുന്നത് സ്ഥിരം തലവേദനയെന്നാണ് പോലീസുകാർ അടക്കം പറയുന്നത്. എളുപ്പത്തിൽ വൻതുക കയ്യിലെത്തുന്നതോടെ ഒരിക്കൽ കച്ചവടത്തിനിറങ്ങിയാൽ പിന്നെ തിരിച്ചു കയറാൻ മടിയാണ്. പോലീസ് നടപടികളൊക്കെ ഇവർക്ക് വെറും പുല്ലാണെന്ന മട്ടിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.
സ്കൂൾ കുട്ടികളെ വലയിലാക്കി വ്യാപാരം കൊഴുപ്പിക്കുകയാണ് കഞ്ചാവ് മാഫിയായുടെ പുതിയരീതി. സ്കൂൾ പരിസരത്ത് തന്പടിച്ച് തങ്ങളുടെ വരുതിയിൽ വീഴുന്ന കുട്ടികളെ കണ്ടുപിടിച്ച് ആവശ്യമായ നിർദേശങ്ങൾ കൊടുത്ത് അവരിലൂടെ മറ്റുകുട്ടികളെ കഞ്ചാവിനടിമയാക്കുന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. സ്കൂൾ കുട്ടികളെ സംശയിക്കുകയില്ലെന്നതും, പോലീസിന്റെ കണ്ണിൽപ്പെടുകയില്ലെന്നതും ഇവർക്ക് സഹായകരമാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ തേടിയുള്ള പോലീസിന്റെ നെട്ടോട്ടമോടൽ കഞ്ചാവ് മാഫിയായ്ക്ക് ലോട്ടറിയടിച്ചത് പോലെയാണെന്നാണ് നാട്ടുകാരുടെ ഇടയിലുള്ള ഇപ്പോഴത്തെ സംസാരം. മദ്യപിച്ച് വാഹനമോടിച്ച് വഴിയിലിറങ്ങാൻ കഴിയില്ലെന്ന അവസ്ഥ വന്നതോടെ പലരും കഞ്ചാവിനായി പരക്കം പായുകയാണ്.
മണം ഇല്ലെന്നുള്ളതും പോലീസിന്റെ പരിശോധനയിൽ കണ്ടെത്താൻ കഴിയില്ലെന്നുള്ളതുമാണ് മദ്യമുപേക്ഷിച്ച് കഞ്ചാവിലേക്ക് മാറാൻ പലരേയും പ്രേരിപ്പിക്കുന്നത്. ഇത് വലിയ തോതിലുള്ള അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് നാട്ടുകാരുടെ ഇടയിലുള്ള സംസാരം.കഞ്ചാവിന്റെ ഉപയോഗം വർധിച്ചതോടെ ഗുണ്ടാ പ്രവർത്തനങ്ങളും അരങ്ങേറുകയാണ്. ഇതിനെതിരെ ശക്തമായ നടപടികളുമായി പോലീസ് രംഗത്തെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.