കൊച്ചി: ഗന്ധമറിയാനുള്ള മനുഷ്യന്റെ ശേഷി ഒരു കേസിലെ തെളിവായി സ്വീകരിക്കാനാകില്ലെന്നു ഹൈക്കോടതി. ലഹരിമരുന്ന് കേസില്‍ പിടിയിലായ ആളുടെ ശ്വാസത്തിന്റെ ഗന്ധത്തില്‍നിന്ന് കുറ്റം സ്ഥിരീകരിച്ച പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ പരാമർശം.
2023 ജനുവരി മൂന്നിന് ഹര്‍ജിക്കാരനായ മലമ്പുഴ സ്വദേശി ഇബ്നു ഷിജില്‍ ഡാം പരിസരത്തെ പാറപ്പുറത്തിരുന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് പോലീസ് എത്തിയത്.
ഉടന്‍ സിഗരറ്റ് ഡാമിലേക്ക് എറിഞ്ഞെങ്കിലും പോലീസുകാര്‍ ഇയാളുടെ ശ്വാസത്തില്‍ കഞ്ചാവിന്റെ മണമുണ്ടെന്നു വിലയിരുത്തി. ലഹരി ഉപയോഗിച്ച രീതിയിലാണു പ്രതിയുടെ സംസാരമെന്നും രേഖപ്പെടുത്തി.
പാലക്കാട് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനിരിക്കെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഈ ലഹരിക്കേസില്‍ ഫോറന്‍സിക്, മെഡിക്കല്‍ പരിശോധ നകള്‍ ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.