ധൻബാധ്: മയക്കുമരുന്ന് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം പിടിച്ചെടുത്ത 19 കിലോഗ്രാം കഞ്ചാവ് പോലീസ് സ്റ്റേഷനിലെ സ്റ്റോറിൽനിന്നു കാണാതായി.
ഒട്ടും ബാക്കിവയ്ക്കാതെ എല്ലാം എലി തിന്നു തീർത്തെന്നാണു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നത്. ജാർഖണ്ഡിലെ ധൻബാധ് ജില്ലയിലാണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച് തയാറാക്കുന്ന ലഹരി വസ്തുവായ 10 കിലോ ഭാംഗും ഒൻപത് കിലോ കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തു സ്റ്റോറിൽ സൂക്ഷിച്ചിരുന്നത്.
ഇതിൽ അൽപംപോലും ബാക്കിയില്ലെന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറയുന്നു. 2018 ഡിസംബർ 14ന് അറസ്റ്റിലായ ശംഭു പ്രസാദ് അഗർവാൾ, ഇയാളുടെ മകൻ എന്നിവരിൽനിന്നാണു കഞ്ചാവ് പിടിച്ചെടുത്തത്.