സ്വന്തം ലേഖകൻ
തലശേരി: തലശേരി നഗരം ലഹരി മാഫിയയുടെ പിടിയില്‍. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നഗരത്തിലെ ഇടവഴികള്‍ കൈയടക്കി ലഹരി മാഫിയ സംഘങ്ങള്‍ സജീവം. ഇടവഴികളിലൂടെയുള്ള യാത്രകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന് നടപ്പാതകളില്‍ മലമൂത്ര വിസര്‍ജനം നടത്തിയും സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ തങ്ങളുടെ വിഹാര കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുന്ന പുതിയ കാഴ്ചയാണ് നഗരത്തില്‍ കാണുന്നത്.
അരഡസന്‍ സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് എം.ജി റോഡില്‍ മുനിസിപ്പല്‍ ഓഫീസിനോട് ചേര്‍ന്ന് ഗുണ്ടര്‍ട്ട് റോഡിലേക്ക് എത്തുന്ന നടപ്പാത പൂര്‍ണമായും സാമൂഹ്യ വിരുദ്ധരുടെ പിടിയിലായിട്ട് നാളുകളേറെയായി. വിദ്യാര്‍ഥികള്‍ ഗുണ്ടര്‍ട്ട് റോഡിലും എം.ജി റോഡിലും സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലേക്ക് എളുപ്പത്തില്‍ വന്നിരുന്ന ഇടവഴിയാണ് സാമൂഹ്യവിരുദ്ധര്‍ രാപ്പകല്‍ ഭേദമില്ലാതെ കൈയടക്കിയിട്ടുള്ളത്. മയക്കു മരുന്ന് വില്പനയും പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ നടപ്പാതയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ തകൃതിയായി നടക്കുകയാണ്.
നടപ്പാതയിലേക്ക് ആളുകള്‍ കടന്നുവരാതിരിക്കാന്‍ നടപ്പാത തുടങ്ങുന്ന ഇരുവശങ്ങളിലും മലമൂത്ര വിസര്‍ജനം നടത്തി ആളുകളെ ഇവിടെ നിന്നും അകറ്റി നിര്‍ത്തുന്ന പുതിയ തന്ത്രവും സാമൂഹ്യ വിരുദ്ധര്‍ പയറ്റുന്നു.ബസ്സ്റ്റാൻഡിലെ പോസ്റ്റ് ഓഫീസ് റോഡിലും ബസ്സ്റ്റോപ്പുകളിലും ലഹരി മാഫിയയിലെ കണ്ണികള്‍ സ്ഥിരമായി ക്യാമ്പ് ചെയ്ത് ഇരകളെ വലയിലാക്കുന്നുണ്ട്.
അതിരാവിലെ ട്യൂഷന് സെന്റുകളിലെത്തുന്ന വിദ്യാര്‍ത്ഥികളേയും ലഹരി മാഫിയ വലയിലാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പല ട്യൂഷന് സെന്ററുകളുടേയും പരിസരത്ത് ലഹരി സംഘങ്ങള്‍ പുലര്‍ച്ചെ തന്നെ എത്തുന്നു. അതിരാവിലെ പോലീസിന്റെ ശ്രദ്ധ ഉണ്ടാകില്ലായെന്നതാണ് ഈ സമയം തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് അറിയുന്നത്.
പുതിയ ബസ്സ്റ്റാൻഡ് പരിസരത്തും ലഹരി മാഫിയ സജീവമാണ്. എ.വി.കെ നായര്‍ റോഡില്‍ നിന്നും മണവാട്ടി ജംഗ്ഷനില്‍ നിന്നും കവാടമുള്ള സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ വലിയ ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്.
ബ്രൗണ്‍ഷുഗര്‍-കഞ്ചാവ് -ലഹരി ഗുളികകള്‍ ഉപയോഗിക്കുന്ന നൂറിലേറെ സ്കൂള്‍-കോളജ് വിദ്യാർഥികളെ തലശേരിയിലും പരിസരത്തുമായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ലഹരി മാഫിയ നഗരത്തില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ലഹരി മാഫിയയെ തൂത്തെറിയാനും ലഹരിക്കടിമകളായ വിദ്യാര്‍ഥികളെ രക്ഷിച്ചെടുക്കാനുമായി പോലീസ് സന്നദ്ധ സംഘടനകളുടെയും സ്കൂള്‍ പിടിഎകളുടേയും സഹായത്തോടെ ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും അതു പിന്നീട് നിലച്ചു.