കോട്ടയം: ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കി. ലോക്ക് ഡൗണ്‍ കാലത്തിനുശേഷം ശക്തമായ തിരിച്ചുവരവാണ് പ്രദേശത്ത് കഞ്ചാവ് മാഫിയ നടത്തിയിരിക്കുന്നത്.
ഈരാറ്റുപേട്ട, പൂഞ്ഞാർ, കുന്നോന്നി, തിടനാട്, മൂന്നിലവ് പ്രദേശങ്ങളിൽ നിന്നുള്ള 100ൽപരം യുവാക്കൾ കഞ്ചാവ് മാഫിയ സംഘത്തിനൊപ്പം പ്രവർത്തിക്കുന്നതായാണ് സൂചന. ഇവരിൽ നല്ലൊരു ശതമാനം പേരും കാരിയർമാരാണ്.
18 മുതൽ 25 വയസു വരെ പ്രായമുള്ളവരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കാരിയർമാരിൽ പലർക്കും വൻതുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. പ്രദേശത്തെ മുഴുവൻമാഫിയ സംഘത്തെയും നിയന്ത്രിക്കുന്നത് ഈരാറ്റുപേട്ട ടൗണ്‍ കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളാണ്.
ആഡംബര ബൈക്കുകളും കാറുകളുമായി മാഫിയ സംഘങ്ങൾ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ കടത്തുന്നതിനും വിലപ്ന നടത്താനുമായി ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കായി മാഫിയ സംഘങ്ങൾക്കായി താത്കാലികമായി തന്പടിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കി നൽകുന്നതായും സൂചനയുണ്ട്.
ഈരാറ്റുപേട്ട ടൗണിൽ ആറ്റു തീരത്തോട് ചേർന്നുള്ള സ്ഥലത്തും സ്വകാര്യ ബസ് സറ്റാൻഡും കേന്ദ്രീകരിച്ചുമാണ് കഞ്ചാവ് മാഫിയ സംഘം പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുമാണ് വിവിധ സ്ഥലങ്ങളിലേക്കു കഞ്ചാവ് എത്തിക്കുന്നതെന്നും പറയപ്പെടുന്നു.
പൂഞ്ഞാർ ടൗണിലെയും കുന്നോന്നിയിലെയും ചില കേന്ദ്രങ്ങൾ ലഹരി മാഫിയ താവളമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ ഇടറോഡുകൾ, വിജനമായ റബർ തോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും കഞ്ചാവ് മാഫിയ തന്പടിക്കുന്നുണ്ട്.
സന്ധ്യ സമയങ്ങളിൽ ആഡംബര ബൈക്കുകളിലും കാറുകളിലുമെത്തിയാണ് സംഘങ്ങൾ ഇവിടെ കൂടിച്ചേരലുകൾ നടത്താറുണ്ട്. ഇതിനു പുറമെ തിടനാട്, മൂന്നിലവ് ഭാഗങ്ങളിലും ലഹരി മാഫിയ സംഘങ്ങളുടെ ശല്യം വർധിച്ചതായും പരാതിയുണ്ട്. കഞ്ചാവ് മാഫിയ സംഘങ്ങളെ പിടികൂടണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
നിരീക്ഷണം ശക്തമാക്കിയതായി ഈരാറ്റുപേട്ട എസ്എച്ച്ഒ
ഈരാറ്റുപേട്ട: കഞ്ചാവ് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു നിരീക്ഷണം ശക്തമാക്കിയതായി ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്.
ലോക്ക് ഡൗണ്‍ കാലത്തിനുശേഷം ലഹരി മാഫിയാ സംഘങ്ങളെ കണ്ടെത്തുന്നതിനായി പ്രത്യേക നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടൗണിലെ ചില സ്ഥലങ്ങളിൽ മഫ്തി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
സ്റ്റേഷൻ പരിധിയിലെ ജനവാസം കുറഞ്ഞ മേഖലകളിലും ഉൗടുവഴികളിലും പോലീസിന്റെ പരിശോധകൾ ശക്തമാക്കിയിട്ടുണ്ട്. പകൽ സമയങ്ങളിലും രാത്രികാലങ്ങളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.
മുൻ കാലങ്ങളിൽ കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ടുള്ളയാളുകളെ നിരീക്ഷിച്ചുവരികയാണെന്നും പ്രസാദ് ഏബ്രഹാം വർഗീസ് രാഷ്്ട്രദീപികയോട് പറഞ്ഞു.