തൊടുപുഴ: മൂന്നാറിൽ വിനോദയാത്രയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളിൽ നിന്നു കഞ്ചാവും ഹാഷിഷ്ഓയിലും നാർക്കോട്ടിക് കണ്ട്രോൾ സെൽ പിടിച്ചെടുത്തു.
അടിമാലിയിൽ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോൾ തീപ്പെട്ടി അന്വേഷിച്ച് വിദ്യാർഥികൾ എത്തിയത് നാർക്കോട്ടിക് കണ്ട്രോൾ സെല്ലിന്റെ ഓഫീസിലായിരുന്നു.
സ്ക്വാഡ് ഓഫീസിന്റെ പിൻവശത്ത് കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതുകണ്ട് വർക്ക് ഷോപ്പാണെന്നു കരുതിയാണ് ഇവിടെയെത്തിയത്. ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയതിനാൽ ബോർഡും ശ്രദ്ധയിൽപ്പെട്ടില്ല.
യൂണിഫോമിട്ടവരെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു.
നാർക്കോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്ത് കുട്ടികളുടെ ദേഹപരിശോധന നടത്തിയപ്പോൾ ഒരു കുട്ടിയുടെ പക്കൽനിന്നും അഞ്ചു ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽനിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുകിട്ടി. ഇതിനു പുറമേ കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഒസിബി പേപ്പർ, ബീഡി മുതലായവയും കണ്ടെടുത്തു.
പ്രായപൂർത്തിയാകാത്ത പത്തോളം കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോൾ തൃശൂർ ജില്ലയിലെ ഒരു സ്കൂളിൽനിന്നും മൂന്നാറിന് വിനോദയാത്രയ്ക്ക് രണ്ടു ബസുകളിൽ വന്നവരാണെന്ന് വ്യക്തമായി.
തുടർന്ന് കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. വിദ്യാർഥിൾക്ക് കൗണ്സലിംഗ് നൽകിയ ശേഷം രക്ഷാകർത്താക്കളെ വിവരം അറിയിച്ചു.
ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരേ കേസെടുത്ത് മാതാപിതാക്കളെ വിളിച്ചുവരുത്തി ഇവരോടൊപ്പം വിട്ടയച്ചു. വിനോദയാത്രാ വേളയിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ പണം പിരിവിട്ട് വാങ്ങിയതാണെന്നും പറഞ്ഞു.