വടക്കഞ്ചേരി: വാൽക്കുളന്പ് പെരുംപരുതയിൽ ക്രൂരബലാൽസംഗത്തിന് ഇരയായി വീട്ടമ്മ കൊല്ലപ്പെട്ട സാഹചര്യത്തിൽ അനധികൃത ലഹരിവസ്തു വില്പനയ്ക്കെതിരേ കർശനനടപടികളുമായി പോലീസ് മുന്നോട്ടുപോകുമെന്ന് വീട്ടമ്മയുടെ കൊലപാതക അന്വേഷണത്തിന് നേതൃത്വം നല്കിയ ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ പറഞ്ഞു.
പെരുംപരുത പാറക്കുന്നിലെ കുറ്റിക്കാട്ടിൽ വീട്ടമ്മയെ ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയപ്പോൾ പ്രദേശവാസികളും മറ്റു നാട്ടുകാരുമെല്ലാം വിരൽചൂണ്ടിയത് കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾക്ക് അടിമകളായവരാകാം കൊലയ്ക്ക് പിന്നിലെന്ന് വലിയ വെളിപ്പെടുത്തലായിരുന്നു.നാട്ടുകാരിൽനിന്നും ലഭിച്ച ഈ വിവരങ്ങളാണ് മരണം കൊലപാതകമാണെന്ന് അറിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽതന്നെ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചതും.
പ്രായാധിക്യമുള്ള വീട്ടമ്മയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്താൻ സുബോധമുള്ളവർക്ക് കഴിയില്ല. ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം സ്വഭാവവൈകല്യമുള്ളവരാകണം കൃത്യം ചെയ്തിട്ടുണ്ടാകുകയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംമുന്പേ മൃതദേഹം കിടക്കുന്നതുകണ്ട നാട്ടുകാർ സ്ഥിരീകരണം നടത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു തുടർന്നുള്ള അന്വേഷണവും പ്രതിയെ പിടിക്കലും.
മേഖലയിലെ ചില കടകൾ കേന്ദ്രീകരിച്ച് മദ്യവില്പനയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പനയും നടക്കുന്നതായി നാട്ടുകാർ പോലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ ലഹരിവസ്തുക്കൾ വില്പന നടത്തുന്ന സംഘങ്ങളുമുണ്ട്. കൊലപാതകത്തെ തുടർന്ന് ഇത്തരം ആളുകളെല്ലാം വില്പന നിർത്തിവച്ചിട്ടുണ്ടെങ്കിലും പോലീസ് ഇവരെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മഫ്ടിയിലും മറ്റുമായി തെളിവുസഹിതം ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വിദ്യാർഥികളെ ഉപയോഗിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘങ്ങളും വടക്കഞ്ചേരി, കിഴക്കഞ്ചേരി, മംഗലംഡാം മേഖലയിലുള്ളതായി വിവരമുണ്ട്. വിലപിടിപ്പുള്ള മൊബൈൽ ഫോണ്, പണം ഉൾപ്പെടെ വാഗ്ദാനം നല്കിയാണ് വിദ്യാർഥികളെ ഇതിനായി സംഘം ഉപയോഗിക്കുന്നത്. സ്കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപത്തെ ഒഴിഞ്ഞ കെട്ടിടങ്ങൾ, ഇടവഴികൾ, സ്കൂളുകൾ തന്നെയും ഇത്തരക്കാർ ലഹരിവസ്തുക്കളുടെ വില്പന കേന്ദ്രങ്ങളാക്കുന്നുണ്ട്.
നടന്നുപോകുന്ന വിദ്യാർഥിനികളെ ബൈക്കിൽ പിന്തുടർന്ന് അശ്ലീലമായി സംസാരിക്കുന്ന പൂവാലസംഘങ്ങളും കുറവല്ല. ഹെയർ സ്റ്റൈലും ലോ വെയ്സ്റ്റ് പാന്റും ഈ വിഭാഗം ചെറുപ്പക്കാരുടെ വസ്ത്രധാരണ രീതികളാണ്. ഇവരെ കാണുന്പോൾ തന്നെ വിദ്യാർഥിനികൾക്ക് ഭയപ്പാടാണ്.വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കൃഷിഭവനിലേക്ക് കയറിപോകുന്ന കോണിപടികൾ ഉച്ചയോടെ പൂവാലസംഘം കൈയടക്കും.
ചുംബനങ്ങളും നടക്കാത്ത കുറെ ഉറപ്പുകളുമൊക്കെ ഇവർ കൈമാറും. ഇതെല്ലാം വിശ്വസിച്ച് പൂവാലസംഘത്തിന് മുന്നിൽനിന്നു കൊടുക്കുന്ന വിദ്യാർഥിനികളും നിരവധിയുണ്ട്. ഒരാൾ ചുംബിക്കുന്നത് കൂട്ടുകാർ മൊബൈലിൽ പകർത്തും. പിന്നെ ഈ പടം കാട്ടി പെണ്കുട്ടികളെ വശത്താക്കും. കഴിഞ്ഞദിവസം ഇത്തരം പൂവാലസംഘത്തെ കടക്കാരും ഡ്രൈവർമാരും ചേർന്നു താക്കീത് ചെയ്ത് വിട്ടയച്ചു.
പോലീസിന്റെ ശ്രദ്ധ ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ഉണ്ടാകണമെന്നാണ് ആവശ്യം.സ്വകാര്യബസുകളിലെ കണ്ടക്ടർ, കിളിശല്യവും വിദ്യാർഥിനികളുടെ യാത്ര കഷ്ടതരമാക്കുന്നുണ്ട്.