ഇരിട്ടി: കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 227 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മട്ടന്നൂര്‍ കളറോഡ് പുത്തന്‍പുര ഹൗസില്‍ അബ്ദുള്‍ മജീദ് (44), തലശേരി പാലയാട് സജ്ന മന്‍സിലില്‍ സി. സാജിര്‍ (38), വെളിയമ്പ്ര പഴശി ഡാമിന് സമീപത്തെ ഷക്കീല മന്‍സിലില്‍ എം. ഷംസീര്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കൂട്ടുപുഴ വളവുപാറയില്‍ വച്ചാണ് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ഒമ്പത് ചാക്കുകളില്‍ നിറച്ച കഞ്ചാവ് പിടികൂടിയത്.
വളവുപാറയിൽ എത്തിച്ചശേഷം കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ മൊത്തമായും ചില്ലറയായും വില്പനയ്ക്കായി ലോറിയില്‍നിന്നു പിക്കപ്പ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിലാണ് പിന്നാലെയെത്തിയ എക്സൈസ് സംഘം പിടികൂടിയത്.
ലോറിയും ജീപ്പും കസ്റ്റഡിയിലെടുത്തു. വിപണിയില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സിഐ ടി. അനികുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.
നാലുദിവസം മുമ്പ് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സ്ക്വാഡിലെ മൂന്നുപേര്‍ ബംഗളൂരു മുതല്‍ സംഘത്തെ പിന്തുടരുകയായിരുന്നു. വിശാഖപട്ടണത്തുനിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന കഞ്ചാവ് ബംഗളൂരുവില്‍ എത്തിച്ചശേഷം ക്ഷേത്രങ്ങളില്‍ മുറ്റത്ത് പാകാനുള്ള കരിങ്കല്ല്, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവയും ലോറിയില്‍ കയറ്റി.
സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് എക്സൈസ് സംഘവും ഒപ്പമുണ്ടായിരുന്നു. കർണാടക അതിര്‍ത്തി പിന്നിട്ട് വളവുപാറയില്‍ എത്തിയപ്പോള്‍ സ്ക്വാഡ് മേധാവിയും മറ്റ് അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. വിവരമറിഞ്ഞ് ഇരിട്ടി ഡവൈഎസ്പി പ്രദീപന് കണ്ണിപ്പൊയില്‍, സിഐ കെ. ജെ. ബിനോയ്, എസ്ഐ ദിനേശന് കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി എക്സൈസ് സംഘത്തിന് സുരക്ഷയൊരുക്കി.
കോഴിക്കോട് ചുങ്കം സ്വദേശിയാണ് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പിടിയിലായവര്‍ എക്സൈസിനോട് പറഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്ന കല്ലും മറ്റു സാധനങ്ങളും കോഴിക്കോട്ടെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്നതിനുമുമ്പ് കഞ്ചാവ് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പിക്കപ്പ് ജീപ്പ് ഉപയോഗിച്ചത്.
പിടിയിലായവര്‍ നേരത്തെയും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സിഐ ജി. കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്. മുകേഷ് കുമാര്‍, ആര്. ജി. രാജേഷ്, എസ്.മധുസൂദനന് നായര്‍, ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, മുസ്തഫ ചോലയില്‍, സിവില്‍ ഓഫീസര്‍മാരായ പി .സുബിന്, എസ്. ഷംനാദ്, ആര്. രാജേഷ്, എം. വിശാഖ്, കെ. മുഹമ്മദലി, ഡ്രൈവര്‍ കെ .രാജീവന് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത കഞ്ചാവ് ഇരിട്ടി എക്സൈസ് റേഞ്ചിന് കൈമാറി. തുടരന്വേഷണം കണ്ണൂര്‍ അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കും.