കൊല്ലങ്കോട്: ടൗണിൽ വിവിധയിടങ്ങളിൽ കൊല്ലങ്കോട് എക്സൈസ് അധികൃതർ ഇന്നലെ നടത്തിയ വാഹനപരിശോധനയിൽ എസ്ബിഐ ബാങ്കിനുസമീപം, കോവിലകംമൊക്ക് എന്നിവിടങ്ങളിൽ നിന്നായി ബൈക്കിൽ ഒളിപ്പിച്ചുകടത്തിയ കഞ്ചാവുമായി നാലുപേരെ അറസ്റ്റുചെയ്തു. ആലപ്പുഴ അന്പലപ്പുഴ പുന്നപ്ര ബാബുവിന്റെ മകൻ വിഷ്ണു (19), അന്പലപ്പുഴ ആര്യാട് തറയിൽപ്പറന്പിൽ സജിയുടെ മകൻ സന്ദീപ് (19) എന്നിവരെ ഉച്ചയ്ക്ക് 1.45നാണ് എഴുന്നൂറുഗ്രാം കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത് ജാമ്യം നല്കി ഇവരെ വിട്ടയച്ചു.
വൈകുന്നേരം മൂന്നരയ്ക്ക് ഒന്നരകിലോ കഞ്ചാവുമായാണ് ബൈക്കിലെത്തിയ എറണാകുളം വൈന്തല ആലിൻചുവട് പോത്താണ്ടിപറന്പിൽ കോമളന്റെ മകൻ ആനന്ദ് (19), കൊച്ചി കണയന്നൂർ പുണിത്തറ കളത്തിൽപറന്പ് വേണുവിന്റെ മകൻ വിവേക് (19) എന്നിവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാലൻ, എഇ സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ സി.ജെ.ഫ്രാൻസിസ്, സുജിത്ത് റോയ്, സിഇഒമാരായ വി.ലക്ഷ്മണൻ, രമേഷ് ബാബു എന്നീ ജീവനക്കാരടങ്ങിയ സംഘമാണ് കഞ്ചാവുവേട്ടയിൽ പങ്കെടുത്തത്.