കോഴിക്കോട്: സംസ്ഥാനത്തേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതില്‍ വാഹകരായി വിദ്യാര്ഥികളുള്പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കേരളത്തില്‍ തഴച്ചുവളരുന്ന കഞ്ചാവ് വില്പന സംഘത്തിന് സഹായം ചെയ്യുന്നുവെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ആഴ്ചാവസാനത്തില്‍ നാട്ടിലേക്കു വരുന്ന വിദ്യാര്‍ഥികളെ ഈ സംഘം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതേകുറിച്ച് വിശദമായ അന്വേഷണം എക്സൈസ് നടത്തുന്നുണ്ട്. കൂടാതെ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയും തുടരുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് എക്സൈസ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഓട്ടോറിക്ഷയില്‍ 7.6 കിലോ കഞ്ചാവ് കടത്തികൊണ്ടുവന്ന സംഘത്തിത്തിന് കഞ്ചാവ് എത്തിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര് . അനില്‍കുമാര്‍ പറഞ്ഞു.
കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പന്തീരങ്കാവ് വച്ച് ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന 7.6 കിലോ കഞ്ചാവുമായി മൂന്നുപേരെ പിടികൂടിയത്.
മലപ്പുറം സ്വദേശികളായ മുബാറക്ക് (25), മുഹമ്മദ് നൗഫല്‍ (27), പി.നൗഷാദ്(29) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കു പിന്നില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളെ പിടികൂടാന്‍ ഇന്നലെ തന്നെ എക്സൈസ് സംഘം ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഒരു മാസം മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായത്.
മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ കോഴിക്കോടേക്ക് താവളം മാറ്റുകയായിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് കൂടുതലായും കഞ്ചാവ് എത്തിക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത് . അതേസമയം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.