ഋഷി
തൃശൂർ: കേരളത്തിൽ പുതുവർഷം പിറന്ന് രണ്ടു മാസത്തിനുളളിൽ എക്സൈസ് വകുപ്പ് പിടികൂടിയത് 339 കിലോ കഞ്ചാവ്. ഇതിൽ 126 കിലോയിലധികവും പിടിച്ചത് പാലക്കാട് ജില്ലയിൽ നിന്ന്. കഴിഞ്ഞ വർഷം ആദ്യ രണ്ടു മാസങ്ങളിൽ എക്സൈസ് പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനേക്കാൾ കൂടുതലാണ് ഇത്തവണ പിടിച്ചിരിക്കുന്നത്. ജനുവരിയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി എക്സൈസ് പിടിച്ചെടുത്തത് 166.117 കിലോ കഞ്ചാവായിരുന്നു. കഴിഞ്ഞ മാസം ഇതിന്റെ തോത് 172.971 ആയി ഉയർന്നു.
പാലക്കാട് ജില്ലയിൽ ജനുവരിയിൽ 52.42 കിലോയും ഫെബ്രുവരിയിൽ 74.385 കിലോയും കഞ്ചാവ് പിടികൂടി. ജനുവരിയിൽ തിരുവനന്തപുരം (12.015), എറണാകുളം (15.857), മലപ്പുറം (15.825), വയനാട് (32.3) എന്നിങ്ങനെയാണ് പത്തുകിലോയ്ക്ക് മുകളിലുള്ള കണക്ക്. മറ്റു ജില്ലകളിലെല്ലാം പത്തുകിലോയിൽ താഴെ കഞ്ചാവാണ് പിടിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം തിരുവവന്തപുരം (14.67), കൊല്ലം (10.204), മലപ്പുറം (22.218) എന്നിങ്ങനെയാണ് പത്തുകിലോയ്ക്ക് മുകളിലുള്ള എക്സൈസിന്റെ കഞ്ചാവു വേട്ട.ജനുവരിയെ അപേക്ഷിച്ച് എറണാകുളം, വയനാട് എന്നീ ജില്ലകളിൽ കഞ്ചാവ് കേസുകൾ കുറഞ്ഞപ്പോൾ കൊല്ലത്ത് കേസ് വർധിച്ചു.
മറ്റു ജില്ലകളിലെല്ലാം പത്തുകിലോയിൽ കുറവാണ് കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്. എങ്കിലും വർഷാദ്യത്തിൽ തന്നെ ആദ്യരണ്ടു മാസത്തിനുള്ളിൽ നാനൂറ് കിലോയ്ക്ക് അടുത്ത് കഞ്ചാവ് കേരളത്തിൽ പിടികൂടിയെന്നത് കേരളത്തിൽ വൻതോതിൽ കഞ്ചാവ് ഉപയോഗിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്.കഴിഞ്ഞ വർഷം ആദ്യ രണ്ടു മാസത്തിൽ പിടിച്ചെടുത്തത് 337 കിലോ കഞ്ചാവാണ്. ജനുവരിയിൽ 179.808, ഫെബ്രുവരിയിൽ 157.728 കിലോ കഞ്ചാവും കഴിഞ്ഞ വർഷം പിടിച്ചു.
അന്നും പാലക്കാട് തന്നെയാണ് കഞ്ചാവ് കേസിൽ മുന്നിട്ടു നിന്നത്. 97.127 കിലോ കഞ്ചാവാണ് കഴിഞ്ഞ വർഷം ആദ്യ രണ്ടു മാസത്തിൽ പാലക്കാട് നിന്ന് പിടിച്ചത്. 2018 ജനുവരിയിൽ 50.774 ഉം ഫെബ്രുവരിയിൽ 46.353 കിലോയുമാണ് പിടികൂടിയത്.ഈ വർഷം ആദ്യ രണ്ടു മാസത്തിനുള്ളിൽ 21,177 റെയ്ഡുകളാണ് എക്സൈസ് നടത്തിയത്. 40,723 ലിറ്റർ വാഷ് വിവിധ ജില്ലകളിൽ നിന്നായി പിടികൂടി.
749.925 ലിറ്റർ അരിഷ്ടവും 627.85 ലിറ്റർ ചാരായവും പിടിച്ചെടുത്തു. രണ്ടു മാസത്തിനിടെ പിടിച്ച 432.500 ലിറ്റർ സ്പിരിറ്റിൽ 430 ലിറ്ററും തൃശൂരിൽ നിന്നായിരുന്നു. 3,83,833 വാഹനങ്ങളും രണ്ടു മാസത്തിനിടെ പരിശോധിച്ചു. കഞ്ചാവടക്കമുള്ള മയക്കുമരുന്നു ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കേരളത്തിൽ വർധിക്കുകയും ഇതെത്തുടർന്ന് കൊലപാതകം ഉൾപ്പടെയുള്ള അക്രമസംഭവങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ റെയ്ഡുകൾ കൂടുതൽ ശക്തമാക്കാനാണ് എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.