ബിജോ ടോമി
കൊച്ചി: കഞ്ചാവ് ഉൾപ്പെടെയു ള്ള മയക്കുമരുന്നിന്റെ വിതരണത്തിനായി പ്രായപൂർത്തിയാകാത്തവരെ ഉപയോഗിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് കൊച്ചി നഗരത്തിൽ പിടികൂടിയ മയക്കുമരുന്ന് കേസുകളിൽ 40 പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.
234 പ്രതികളെയാണ് വിവിധ കേസുകളിലായി പിടികൂടിയത്. കഴിഞ്ഞ മാസം മാത്രം ഏഴു പേർ ഷാഡോ പോലീസിന്റെ പിടിയിലായി. പെട്ടെന്ന് പോലീസിന്റെ പിടിയിലാകില്ല എന്നതിനാലാണ് കഞ്ചാവ് മാഫിയ വിദ്യാർഥികളെ കാരിയർ മാരാക്കുന്നതെന്നു ഷാഡോ എസ്ഐ ഹണി കെ. ദാസ് പറഞ്ഞു. കേസിൽ പെട്ടാലും പ്രായപൂർത്തി ആകാത്തതിന്റെ ആനുകൂല്യവും ഇവർക്ക് ലഭിക്കും.
നല്ലൊരു തുക കമ്മീഷനായും സ്വന്തം ഉപയോഗത്തിനുള്ള കഞ്ചാവ് സൗജന്യമായും ലഭിക്കുന്നതിനാൽ വിദ്യാർഥികൾ എളുപ്പത്തിൽ കഞ്ചാവ് മാഫിയയുടെ വലയിൽ കുരുങ്ങുന്നു. കഞ്ചാവ് പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഒരു പൊതി വിൽക്കുന്പോൾ 200 രൂപ കമ്മീഷൻ ലഭിക്കും. ആന്ധ്രയിൽ കിലോയിക്ക് 2000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ഇവിടെ 20,000 രൂപ നിരക്കിലാണ് വിൽക്കുന്നത്. കഞ്ചാവിന് പുറമേ ന്യൂജൻ ടാബ്ലറ്റുകളും സജീവമാണെന്നു അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നു വിഭാഗത്തിൽ പെടുന്ന നൈട്രോസെപാം, പ്രോമിത്തേസിൻ, മോർഫിൻ, പെന്റാസൊസൈൻ, മോർഫെറിഡിൻ, ഡൈസാഫാം, ബ്യൂപ്രിനോർഫിൻ, ഫിനാർഗൻ, പെത്തഡിൻ, ലോറസെപാം, ഡൈക്ലോഫിനാക്, ഫോനാമിൻ തുടങ്ങിയ ഗുളികളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം മാരക ലഹരിമരുന്നായ 350 ആംഫിറ്റമിൻ ടാബ്ലറ്റുകൾ ഷാഡോ പോലീസ് പിടികൂടിയിരുന്നു. വിദേശത്തുനിന്ന് ഗോവ വഴിയാണ് ഇത് കേരളത്തിൽ എത്തിയത്. ഒരു ഗുളികയ്ക്ക് 2000 രൂപയാണ് വില. കഞ്ചാവോ മദ്യമോ പോലെ മണമില്ലാത്തതിനാൽ പെട്ടെന്ന് പോലിസിന്റെയോ അധ്യാപകരുടെ രക്ഷിതാക്കളുടെയോ പിടിയിലാകില്ല എന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പിടിഎ പ്രസിഡന്റും അധ്യാപകരും രക്ഷകർത്താക്കളുമെല്ലാം വിദ്യാർഥികൾ മയക്കുമരുന്നു ഉപയോഗിക്കുന്നതായി വിവരം നൽകാറുണ്ട്. മാതാപിതാക്കൾ തന്നെ മക്കൾ ലഹരി ഉപയോഗിക്കുന്നതായി വിവരം നൽകുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയുടെ വലയിൽ മക്കൾ പെട്ടുവെന്നു തിരിച്ചറിയുന്പോൾ മറ്റു വഴികളില്ലാതെയാണ് മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നത്.
പലരും കൗതുകത്തിനാണ് ആദ്യം ഉപയോഗിക്കുക. വിദ്യാർഥികളെ വലയിലാക്കുന്നതിനായി കഞ്ചാവ് മാഫിയ ആദ്യം വിദ്യാർഥികൾക്ക് സൗജന്യമായി നൽകും. പിന്നീട് ലഹരിക്ക് അടിമപ്പെട്ട് ഒഴിവാക്കാനാകാതെ വരുന്പോൾ ഉയർന്ന വില നൽകി വാങ്ങാൻ വിദ്യാർഥികൾ നിർബന്ധിതരാകും.
കുട്ടികളിൽ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ ആരൊക്കെയായി ഇടപെഴകുന്നു എന്ന് അറിഞ്ഞിരിക്കണമെന്നും ഹണി കെ. ദാസ് പറഞ്ഞു. പോലീസിന്റെ പിടിയിലാകുന്പോഴാണ് മക്കൾ ലഹരി ഉപയോഗിച്ചിരുന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. ലഹരി വസ്തുക്കളുമായി ബന്ധപ്പട്ട കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഷാഡോ പോലീസിന്റെ 9897980430 എന്ന നന്പറിൽ പൊതുജനങ്ങൾ അറിയിക്കണം.
ന്യൂജെൻ ടാബ്ലറ്റുകളിൽ ഭീകരൻ നൈട്രോസെപാം
ന്യൂജെൻ ടാബ്ലറ്റുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് നൈട്രോസെപാം ഗുളികളാണ്. മനോരോഗ ചികിത്സയിൽ കഴിയുന്നവർക്ക് നൽകുന്ന ഗുളികയാണ് നൈട്രോസെപാം. ഇതിന്റെ വൻതോതിലുള്ള ഉപയോഗം ഞരന്പുകളെയും തലച്ചോറുകളെയുമാണ് ബാധിക്കുക. ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ ഇത്തരം മരുന്നുകൾ ലഭിക്കില്ല. എന്നാൽ വ്യാജ കുറിപ്പടി ഉണ്ടാക്കിയും വീടുകളിൽ നിന്നു മാതാപിതാക്കളറിയാതെ കുറുപ്പടി കൈക്കലാക്കിയും നൈട്രോസെപാം ഗുളികൾ വാങ്ങുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് ഇത്തരം ഗുളികകൾ എത്തുന്നത്. സേലം, പോണ്ടിച്ചേരി, മൈസൂർ, ബംഗളൂരു, ഗോവ എന്നിവടങ്ങളാണ് പ്രധാന സ്രോതസുകൾ. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ഇത്തരം ഗുളികകൾ ഉയർന്ന വിലയ്ക്കാണ് ഇവിടെ വിൽക്കുന്നത്. ട്രെയിനിലോ ബസ് മാർഗമോ എത്തിക്കുന്ന ഇത്തരം ടാബ്ലറ്റുകൾക്ക് കാരിയർമാരായി അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെയും ഉപയോഗിക്കുന്നുണ്ട്.