കൊട്ടാരക്കര: കഞ്ചാവ് മാഫിയ കൊട്ടാരക്കരയിൽ പിടിമുറുക്കുന്നു. വിൽപനയുടെയും ഉപയോഗത്തിന്റെയും വിതരണത്തിന്റെയും ജില്ലയിലെ പ്രധാന കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.സർക്കാർ ആശുപത്രി വളപ്പിൽ കഞ്ചാവ് കൃഷി നടത്താൻ പോലും ശക്തരാണ് ഇവിടുത്തെ കഞ്ചാവ് മാഫിയയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായി.
കൊട്ടാരക്കര താലൂക്കാകാശുപത്രി വളപ്പിൽ നിന്നും വളർച്ചയെത്തിയ കഞ്ചാവ് ചെടി എക്സൈസ്പെഷ്യൽ സ്ക്വാഡാണ് കണ്ടെത്തിയത്. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിൽ നിന്നും കഞ്ചാവ് പിടികൂടപ്പെടാത്ത ദിവസങ്ങൾ വിരളമാണ്. ബസ്റ്റാന്റുകളിൽ നിന്നും സ്കൂൾ പരിസരങ്ങളിൽ നിന്നുമാണ് അധികവും പിടികൂടപ്പെടുന്നത്. പിടിക്കപ്പെടാത്തതിന്റെ എത്രയോ അധികമാണ് ഇവിടെ വിപണനം നടന്നു വരുന്നത്.
ഏറ്റവുമൊടുവിൽ പിടിക്കപ്പെട്ടത് നാലര കിലോ കഞ്ചാവാണ്. കൊട്ടാരക്കര ബസ്റ്റാന്റിൽ നിന്നുമാണ് പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.തമിഴ്നാട്ടിൽ നിന്നും വിൽപനക്കായി കൊണ്ടുവന്നതായിരുന്നു.
ഒരാഴ്ച മുൻപ് നെടുവത്തൂരിലെ ഒരു സ്കൂൾ പരിസരത്തു നിന്നും കഞ്ചാവ് വിൽപനയിലേർപ്പെട്ടിരുന്ന നാല് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. കൊട്ടാരക്കരക്കു സമീപമുള്ള ഒരു പ്രമുഖ വിദ്യാലയത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകർ കഞ്ചാവ് കണ്ടെടുത്തത് അടുത്തിടെയാണ്.
വിദ്യാർത്ഥികളുടെ ബാഗ് പരിശോധനക്കിടെയാണ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത്.സ്കൂളിന്റെ സൽപ്പേരു നിലനിർത്താൻ വിവരം പുറത്തുവിട്ടിരുന്നില്ല. കൊട്ടാരക്കരയിലെ പ്രധാന ഇരകൾ ഇപ്പോൾ വിദ്യാർത്ഥികളാണ്.സ്കൂൾ – കോളേജ് വ്യത്യാസമില്ലാതെ ഇതു തുടരുന്നു.വിദ്യാർത്ഥികൾ തന്നെ ഇടനിലക്കാരായും വിൽപനക്കാരായും പ്രവർത്തിക്കുന്നുണ്ട്.കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കൊട്ടാരക്കര സ്വദേശിയായ ഒരു എം.ബി.എ.വിദ്യാർത്ഥിയെ അടുത്ത കാലത്ത് ഇടുക്കിയിൽ അറസ്റ്റുചെയ്യുകയുണ്ടായി.
കൊട്ടാരക്കരയിലെ ബസ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്ക, പുത്തൂർ, കലയപുരം, എഴുകോൺ, വെളിയം, ഓടനാവട്ടം, നെടുമൺകാവ് ചന്തകൾ, കോളേജ് ജംഗ്ഷൻ, മീൻ പിടിപ്പാറ, വിദ്യാലയ പരിസരങ്ങൾ, ബാർ ഹോട്ടൽ പരിസരങ്ങൾ എന്നിവിടങ്ങളെല്ലാം കഞ്ചാവ് കൈമാറ്റത്തിന്റെയും വിൽപനയുടെയും കേന്ദ്രങ്ങളാണ്. തമിഴ്നാട്ടിൽ നിന്നാണ് ഇവിടെ അധികവും കഞ്ചാവെത്തിച്ചേരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാടുമായി അടുത്തു കിടക്കുന്ന സ്ഥലമായതിനാൽ കൊട്ടാരക്കരയിൽ കഞ്ചാവെത്തിതിക്കുക എളുപ്പമാണ്. റോഡുമാർഗ്ഗവും ട്രെയിൻ മാർഗ്ഗവും എത്തിച്ചേരുന്നുണ്ട്. ഇങ്ങനെയെത്തുന്ന കഞ്ചാവ് പൊതികളാക്കിയാണ് വിൽപനക്കാർക്കു നൽകുന്നത്.
റൂറൽ എസ്.പി.യായി ഹരിശങ്കർ ചുമതലയേറ്റെടുത്തതോടെയാണ് കഞ്ചാവ് വേട്ട ശക്തമാക്കിയിട്ടുള്ളത്.
എന്നാൽ പോലീസിന്റെ അംഗബലക്കുറവും ജോലി ഭാരവും അന്വേഷണത്തെപ്രതികൂലമായി ബാധിക്കുന്നുഅന്വേഷണ സംഘങ്ങളും പൊതുജനങ്ങളും ചേർന്ന് ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ യുവജനങ്ങളിൽ നല്ലൊരു പങ്ക് ലഹരി ക്ക് അടിമകളായി തീരും