കോട്ടയം: രണ്ടു കിലോഗ്രാം കഞ്ചാവുമായി പിടിയിലായ നഗരത്തിലെ ചെരുപ്പുകടയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയുടെ സുഹൃത്തുക്കൾ പോലീസ് നിരീക്ഷണത്തിൽ. ഇയാൾക്ക് കഞ്ചാവ് നല്കുന്നവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഇതിൽ പ്രധാനപ്പെട്ട രണ്ടു മലയാളികൾ പോലീസ് നിരീക്ഷണത്തിലാണ്.
ഇവരെ ഇന്നു പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഒഡീഷ പുരി ദുർഗാപൂർ ദാക്കിൻ രാധാസ് സ്വദേശി സത്യനാരായണ്‍ ജനയെയാണ് (28) പോലീസ് അറസ്റ്റു ചെയ്തത്. വെസ്റ്റ് സിഐ നിർമൽ ബോസ്, എസ്ഐ എം.ജെ.അരുണ്‍, ഈസ്റ്റ് എസ്ഐ ടി.എസ്.റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ ഉണക്കമീൻ മാർക്കറ്റിനുസമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വീടിന്റെ അടുക്കള ഭാഗത്ത് എണ്ണപ്പാട്ടയ്ക്കിടയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
കഴിഞ്ഞദിവസം ഒഡീഷയിൽനിന്നും എത്തിയ സത്യനാരായണയുടെ ഭാര്യയുടെ സഹോദരനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. കഞ്ചാവ് എത്തിച്ച ശേഷം അയാൾ ഒഡീഷ്യയിലേക്ക് കടന്നുവെന്നാണ് പ്രതി നല്കുന്ന വിവരം. എന്നാൽ അയാൾ കോട്ടയത്ത് എവിടെയെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
അഞ്ചുകിലോ കഞ്ചാവ് എത്തിച്ചതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വിമാനത്തിൽ കഞ്ചാവുമായി എത്തി നെടുന്പാശേരിയിൽ ഇറങ്ങിയശേഷം ബസ്മാർഗമാണ് കോട്ടയത്ത് എത്തിച്ചത്. സത്യനാരായണയുടെ ഭാര്യയുടെ തിരുനക്കരയിലെ മുറുക്കാൻ കട വഴിയാണ് കഞ്ചാവ് വിറ്റഴിച്ചിരുന്നത്. കോട്ടയം ബേക്കർ ജംഗ്ഷനിൽ ചെരുപ്പു കടയിലെ ജീവനക്കാരനാണ് സത്യനാരായണൻ .
അതേ സമയം അഞ്ചു കിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നതിൽ രണ്ടു കിലോഗ്രാമാണ് പോലീസ് പിടികൂടിയത്. ബാക്കി മൂന്നു കിലോ വിതരണം ചെയ്തു. ഇവർ മൊത്തമായി കഞ്ചാവ് വിൽക്കുന്നുണ്ടെന്നും കരുതുന്നു. കഞ്ചാവ് എത്തിച്ചയാളെ കസ്റ്റഡിയിൽ കിട്ടിയാലേ ഇക്കാര്യങ്ങൾ അറിയാൻ കഴിയു.
ജൂണിയർ എസ്ഐ സി.ആർ. സിംഗ്, അഡീഷണൽ എസ്ഐ യു.സി.ബിജു, എഎസ്ഐമാരായ മനോജ് കെ, പി.സി.ബിനുമോൻ, സീനിയർ സിപിഒ ജി.സി.രാധാകൃഷ്ണൻ, സിപിഒമാരായ സുനിൽകുമാർ, ഷിബു, ,സി.കെ.നവീൻ, ഒ.മഞ്ജു, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘാംഗങ്ങളായ മനോജ്, അനിൽ പി കുമാർ, ജീമോൻ, ആന്റണി, പ്രതീഷ് രാജ്, ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.