കോട്ടയം: കോട്ടയം കഞ്ചാവിന്റെ കേന്ദ്രമായി മാറുന്നു. ഇന്നലെ ഒറ്റ ദിവസം പോലീസും എക്സൈസും നടത്തിയ റെയ്ഡിൽ എട്ടുപേരാണ് അറസ്റ്റിലായത്. മൊത്തം മൂന്നേമുക്കാൽ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോട്ടയം, ചങ്ങനാശേരി, കിടങ്ങൂർ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് വിൽപനക്കാരെ പിടികൂടിയത്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന പോലീസ് ശക്തമാക്കിയതോടെയാണ് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതെന്നു കരുതുന്നു. കഞ്ചാവ് ലഹരി കണ്ടെത്താനുള്ള ഉപകരണമില്ലാത്തതിനാൽ കഞ്ചാവ് ലഹരിയിൽ വണ്ടിയോടിച്ചാലും പരിശോധനയിൽ പിടിക്കപ്പെടുന്നില്ല. ഇതാണ് കഞ്ചാവ് ലഹരിയിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കാൻ കാരണം.
220 ഗ്രാം കഞ്ചാവുമായി അഞ്ചു പേരെയാണ് ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. പൊൻകുന്നം ചിറക്കടവ് താമരക്കുഴിയിൽ വിഷ്ണു(23), കോടിമത പുഞ്ചിരിച്ചിറയിൽ ജിന്റോ(23), കുമാരനെല്ലൂർ തക്കിപറന്പിൽ അർജുൻ ദാസ്(22), അയ്മനം ആവണി റോഡിൽ പോത്തൻമാലിൽ ജസ്റ്റിൻ(22), പൊൻകുന്നം ചിറക്കടവ് പന്നിയാമാക്കിൽ ടിവിൻ(20) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ കുട്ടികൾക്കും കോളജ് വിദ്യാർഥികൾക്കും വിൽപനക്കായി കൊണ്ടുവന്ന 220 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നു പിടിച്ചെടുത്തു. തിരുനക്കര ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്നുമാണ് ഇവർ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. എസ്ഐ കെ. രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കിടങ്ങൂരിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിപുലമായി വിൽപന നടത്തിവന്നയാളെ ഇന്നലെ ബലപ്രയോഗത്തിലൂടെ എക്സൈസ് എൻഫോഴ്സമെന്റ് പിടികൂടി. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ സിബി മാത്യുവാണ് പിടിയിലായത്. ഒന്നര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സിബി മാത്യു.
കന്പത്തു നിന്ന് എത്തിക്കുന്ന കഞ്ചാവ് വാടകവീട്ടിലിരുന്ന് ചെറു പൊതികളാക്കി വിദ്യാർഥികൾക്ക് വിൽപന നടത്തി വരികയായിരുന്നു ഇയാൾ. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ വി.പി.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കുടുക്കിയത്.
രണ്ടു കിലോഗ്രാം കഞ്ചാവുമായി ചങ്ങനാശേരിയിൽ രണ്ടു പേരെ പിടികൂടി. തമിഴ്നാട് സ്വദേശികളായ സൂര്യപ്രകാശ് (24), അൻസറുദിൻ (24) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നുള്ള കഞ്ചാവ് വില്പന സംഘം ചങ്ങനാശേരി, പായിപ്പാട് ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന് എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം, ചങ്ങനാശേരി പോലീസുകൾ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പി എൻ.രാജൻ, തൃക്കൊടിത്താനം സിഐ പി.പി.ജോയി, ചങ്ങനാശേരി സിഐ ബി.ഗോപകുമാർ, വാകത്താനം സിഐ പി.വി.മനോജ്കുമാർ, ചങ്ങനാശേരി എസ്ഐ എൽ.അനിൽകുമാർ, തൃക്കൊടിത്താനം എസ്ഐ പി.എം.ഷെമീർ, എസ്ഐ സാബുസണ്ണി, എഎസ്ഐ സാബു, സിപിഒമാരായ ജിജു, അതിവർമ, ലഹരിവിരുദ്ധ സ്കാഡ് അംഗങ്ങളായ പ്രതീഷ് രാജ്, പി.വി.മനോജ്, സജികുമാർ, ആന്റണി സെബാസ്റ്റ്യൻ, ജയകുമാർ, കെ.എ.ജീമോൻ എന്നിവർ റെയ്ഡിന് നേതൃത്വം നല്കി.