കോട്ടയം: ഓണക്കാലമായതോടെ ജില്ലയിൽ വീണ്ടും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 10 കിലോഗ്രാമോളം കഞ്ചാവുമായി നിരവധിപേരെയാണു പോലീസും എക്സൈസും ചേർന്നു പിടികൂടിയത്. ഇന്നലെ മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും നാലുകിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെയാണു എക്സൈസ് അധികൃതർ പിടികൂടിയത്.
കോട്ടയം ജില്ലയിൽ ആദ്യമായിട്ടാണു ഇത്രയും വലിയ കഞ്ചാവ് വേട്ട നടക്കുന്നത്. മുന്പും നിരവധി പേരിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും നാലുകിലോഗ്രാം പിടികൂടുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി, മണിമല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പിടികൂടിയിരുന്നു. വാകത്താനം പോലീസും കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു.
ഇതിനുപുറമെ എക്സൈസ് അധികൃതരുടെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷൽ ഡ്രൈവിലും കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന നിരവധി പേരെ പിടികൂടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നതു ഓണക്കാലമായതോടെ ജില്ലയിലേക്കുള്ള കഞ്ചാവിന്റെ വരവ് കുത്തനെ വർധിച്ചിട്ടുണ്ടെന്നാണ്. ജില്ലയിലേക്കു പ്രധാനമായും കഞ്ചാവ് എത്തുന്നതു തമിഴ്നാട്ടിലെ കന്പത്തു നിന്നുമാണ്.
മുണ്ടക്കയം വഴിയാണു പ്രധാനമായും കഞ്ചാവ് എത്തുന്നതെന്നു കണ്ടെത്തിയതോടെയാണു എക്സൈസും പോലീസും ഇവിടെ പ്രത്യേക നീരിക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.എക്സൈസ് അധികൃതർ മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും 24 മണിക്കുറും മഫ്തിയിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.
നാളുകൾക്കു മുന്പു വരെ വാറ്റു ചാരായം ഉൾപ്പെടെയുള്ളവയാണു ഓണക്കാലത്ത് എത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ കഞ്ചാവും മറ്റു നിരോധിത ലഹരി പദാർഥങ്ങൾ ഉൾപ്പെടെയുള്ളവയാണ് എത്തിക്കുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസിന്റെ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചു വൻതോതിൽ കഞ്ചാവ് കൈമാറ്റവും വില്പനയും നടക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.