കോട്ടയം: കഞ്ചാവിൽ മയങ്ങി കോട്ടയം. കഴിഞ്ഞ ഏതാനും നാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ അരങ്ങ് വാഴുകയാണ്. കുട്ടികൾക്ക് സൗജന്യമായി കഞ്ചാവ് നൽകുന്നവർ മുതൽ മാഫിയകൾ തമ്മിൽ ഏറ്റുമുട്ടുന്നവർ വരെ ഇവിടെ സജീവമാണ്. ദിനംപ്രതി നിരവധി കഞ്ചാവ് വിഷയങ്ങളാണു പുറത്തുവരുന്നത്. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ കഞ്ചാവ് മാഫിയകളെ അടിച്ചമർത്തുന്നതിൽ പരാജയപ്പെടുന്നു.
ഒറ്റപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും വൻകിട മാഫിയകളെ പിടികൂടുന്നതിൽ പരാജയപ്പെടുന്നു. കഴിഞ്ഞദിവസം ആർപ്പൂക്കരയിൽ എക്സൈസ് സംഘത്തെ ആക്രമിച്ച അലോട്ടിയെയും സംഘത്തെയും ഇതുവരെ പിടികൂടിയിട്ടില്ല.
പോലീസ് ക്രിമിനൽ സംഘത്തെ അടിച്ചമർത്തുന്നതിൽ പരാജയപ്പെടുകയാണെന്ന് ആരോപണമുണ്ട്. കേസുകളുടെ എണ്ണം തികയ്ക്കാൻ രാപകൽ ഭേദമെന്യെ വാഹനപരിശോധന നടത്തി പെറ്റി കേസ് രജിസ്റ്റർ ചെയ്തു രക്ഷപെടുകയാണ്.
നഗരത്തിൽ മാത്രം നിരവധി സ്ഥലങ്ങളിലാണു വാഹനപരിശോധനയ്ക്കു പോലീസ് വഴിയിൽ നിലയുറപ്പിച്ചിരിക്കുന്നത്.
കഞ്ചാവ് മാഫിയകൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ ഒറ്റുകൊടുക്കുന്ന വിഷയങ്ങളിലാണു പോലീസിനും എക്സൈസിനും കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടാൻ സാധിക്കുന്നത്. നാഗന്പടം കേന്ദ്രീകരിച്ചു വൈകുന്നേരങ്ങളിൽ വൻതോതിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി സൂചനയുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരം, തിരുനക്കര മൈതാനം, മെഡിക്കൽ കോളജ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലും കഞ്ചാവ് കൈമാറ്റമുണ്ടെങ്കിലും പരിശോധന നടക്കുന്നില്ലെന്നു പറയുന്നു.