സ്വന്തം ലേഖകന്‍
കോഴിക്കോട് : കേരളത്തിലെ യുവാക്കളെ മയക്കികിടത്താന് വിളഞ്ഞു നില്ക്കുന്ന കഞ്ചാവിന് എകെ 47 തോക്കേന്തിയ മാവോയിസ്റ്റുകളുടെ കാവല്‍. ആന്ധ്ര പോലീസിന്റെ രഹസ്യാന്വേഷണത്തില്‍ എഒബിയിലെ (ആന്ധ്ര-ഒറീസ ബോര്‍ഡര്‍ ) വനാതിര്‍ത്തികളിലാണ് കേരളത്തിലേക്കു സുലഭമായെത്തുന്ന കഞ്ചാവ് കൃഷിയെന്നാണ് കണ്ടെത്തല്‍.
എക്സൈസ് ക്രൈംബ്രാഞ്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആന്ധ്ര പോലീസിനെ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
അതേസമയം, കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലത്തേക്കു പോവാന്‍ ആന്ധ്രപോലീസ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ അനുവദിച്ചില്ല. മാവോയിസ്റ്റുകള്‍ കൈയടക്കിയിട്ടുള്ള പ്രദേശത്തേക്കു പുറത്തു നിന്നുള്ളവരെത്തിയാല് പോരാനാവി ല്ലെന്ന മുന്നറിയിപ്പാണ് ആന്ധ്രപോലീസ് നല്‍കിയത്.
വിശാഖപട്ടണത്തെമാവോ ഏജന്റ്
ആന്ധ്ര-ഒറീസ മേഖലയില്‍ വിളയുന്ന കഞ്ചാവ് നേരിട്ട് കേരളത്തില്‍ എത്തുന്നില്ല. അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു ലോറികളില്‍ വിശാഖപട്ടണത്താണ് കഞ്ചാവ് വന്‍തോതില്‍ എത്തുന്നത്.
വിശാഖപട്ടണത്ത് കഞ്ചാവ് എത്തിക്കുന്നതിന് മാവോയിസ്റ്റുകളുടെ ഏജന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്റിനെയാണ് കേരളത്തിലേക്കു കഞ്ചാവ് എത്തിക്കുന്ന ലഹരിക്കടത്ത് സംഘം സ്ഥിരമായി ബന്ധപ്പെടുന്നതെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം.
ഗോഡൗണുകളിൽ
തീരദേശ മേഖലയായ വിശാഖപട്ടണത്ത ടുണി, അനകപല്ലെ എന്നിവിടങ്ങളിലെ ഗോഡൗണുകളിലാണ് കേരളത്തിലേക്കുള്ള കഞ്ചാവുകള് സൂക്ഷിക്കുന്നത്. ആവശ്യക്കാരുമായി ഡീല്‍ ഉറപ്പിക്കുന്നതോടെ കഞ്ചാവ് എഒബിയില്നിന്നു വിശാഖപട്ടണത്തെത്തിക്കും.
ഇവിടെ വച്ച് “പാഴ്സലുകള്‍’ ആക്കിയാണ് മാവോ ഏജന്റ് മലയാളികളായ ലഹരിക്കടത്ത് സംഘത്തിനു കൈമാറുന്നത്. മലയാളി സംഘം പിന്നീടു വിവിധ ജില്ലകളിലുള്ള മൊത്ത-ചില്ലറ വില്പനക്കാര്ക്ക് ഈ പാര്‍സലുകള്‍ കൈമാറുകയാണ് പതിവ്.
ഒരു പാഴ്സല്‍ രണ്ട് കിലോയോളം വരും. കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ച് സിമന്റ് ലോറിയില്‍ കടത്തിയ 167.5 കിലോ കഞ്ചാവ് പിടികൂടയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിശദമായ വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ ഇന്നലെ എറണാകുളം വെങ്ങോല അല്ലപ്ര സ്വദേശി അമ്പലവീട്ടില്‍ അപ്പം സജിയെന്ന സജീവ് കുമാറിനെ(46) പിടികൂടിയിരുന്നു.