അഗളി: അട്ടപ്പാടി സത്യക്കല്ല് മലയിൽ പോലീസ് കഞ്ചാവ് തോട്ടം നശിപ്പിച്ചു. രണ്ടും മൂന്നും മാസം പ്രായമുള്ള ആയിരത്തിലധികം കഞ്ചാവുചെടികളാണ് നശിപ്പിച്ചത്. കോണകെട്ടിഷോല, കുറിഞ്ചിക്കണ്ടിമുതു, ഗോഞ്ചിമരക്കല്ല് എന്നീ മലകൾക്കപ്പുറം സത്യക്കല്ലിലെ ഓലഇടഞ്ഞാലിയുടെ കിഴക്കുഭാഗത്തായിരുന്നു കഞ്ചാവുകൃഷി.
ഉൾക്കാട്ടിൽ മൂന്നു തോട്ടങ്ങളിലായാണ് മുന്തിയ ഇനം കഞ്ചാവ് കൃഷിചെയ്തിരുന്നത്. മൂന്നുമാസം പ്രായമുള്ള അഞ്ഞൂറോളം ചെടികളും രണ്ടുമാസം പ്രായമുള്ള അഞ്ഞൂറോളം ചെടികളുമാണുണ്ടായിരുന്നത്. തോട്ടത്തിൽനിന്നും പണിയായുധങ്ങളും കണ്ടെത്തി. ചാരവും ചാണകവും ഉൾപ്പെടെ വളപ്രയോഗം നടത്തിയായിരുന്നു കഞ്ചാവു കൃഷിയെന്ന് പോലീസ് പറഞ്ഞു.
ജൂലൈ പത്തിന് അട്ടപ്പാടിയിലെ കുള്ളാട് മലയിൽ അയ്യായിരത്തോളം കഞ്ചാവുചെടികൾ എഎസ്പിയുടെ സ്ക്വാഡും തണ്ടർബോൾട്ട് വിഭാഗവും ചേർന്ന് നശിപ്പിച്ചിരുന്നു. എന്നാൽ ഇത് ഉൗതിപ്പെരുപ്പിച്ച കണക്കാണെന്ന വാദവുമായി വനംവകുപ്പ് പരസ്യമായി രംഗത്തെത്തുകയുണ്ടായി.