എരുമേലി: പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരിൽ ചിലർ കഞ്ചാവ് ചെടികൾ ഗ്രോബാഗുകളിൽ നട്ടുവളർത്തിയെന്ന റേഞ്ച് ഓഫീസറുടെ റിപ്പോര്ട്ട് വിവാദത്തിൽ. വനിതാ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ സ്ഥലം മാറ്റപ്പെട്ട റേഞ്ച് ഓഫീസർ ബി.ആർ. ജയനാണ് റിപ്പോർട്ട് നൽകിയത്.
തനിക്കെതിരേ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്നും ഓഫീസിലെ രണ്ടുപേർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പരിസരത്തുനിന്നു കഞ്ചാവ് ചെടി കണ്ടെടുത്തു.
സ്ഥലംമാറ്റത്തിൽനിന്നു തുടക്കം
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് 16ന് റിപ്പോർട്ട് നൽകിയത്. എരുമേലി റേഞ്ചിന്റെ കീഴിലാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ. കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയതിനൊപ്പം കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, ഇടുക്കി ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയ്ക്കും റേഞ്ച് ഓഫീസർ റിപ്പോർട്ടിന്റെ പകർപ്പ് നൽകി. റിപ്പോർട്ടിൽ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലെ റസ്ക്യൂവർ കോട്ടയം സ്വദേശി അജേഷ് നടത്തിയ കുറ്റസമ്മത മൊഴിയും കഞ്ചാവ് ചെടികളുടെ ചിത്രങ്ങളും ഉള്ളടക്കം ചെയ്തിട്ടുണ്ട്.
പ്ലാച്ചേരി, പമ്പാ സ്റ്റേഷനുകളിലെ ഒരു പറ്റം ബീറ്റ് ഓഫീസർമാരാണ് റേഞ്ച് ഓഫീസർക്കെതിരേ പേരുകൾ വെളിപ്പെടുത്താതെ പരാതി നൽകിയിരുന്നത്. വ്യക്തിപരമായ താത്പര്യത്തോടെ ഡ്യൂട്ടി നിശ്ചയിക്കുന്നു, എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, അവഹേളിച്ചു സംസാരിക്കുന്നു തുടങ്ങിയവ ആരോപണങ്ങളായി ഉന്നയിച്ചായിരുന്നു പരാതി.
എന്നാൽ പരാതിയിൽ അന്വേഷണം ആയപ്പോൾ പ്ലാച്ചേരി സ്റ്റേഷനിലെ മൂന്ന് വനിതാ ഓഫീസർമാരാണ് പേര് വെളിപ്പെടുത്താൻ തയാറായത്. മുണ്ടക്കയം ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് വിജിലൻസ് വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആണ് ശിക്ഷാ നടപടിയായി സ്ഥലംമാറ്റ ഉത്തരവിട്ടത്.
മലപ്പുറം നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്കാണ് സ്ഥലംമാറ്റം നൽകിയത്. അച്ചൻകോവിൽ റേഞ്ച് ഓഫീസർ ഇ.ഡി. അരുൺകുമാറിന് എരുമേലി റേഞ്ചിന്റെ ചുമതല തത്കാലത്തേക്ക് നൽകുകയും ചെയ്തു.
കുറ്റസമ്മതം ഇങ്ങനെ
നാൽപ്പതോളം കഞ്ചാവ് ചെടികൾ ഗ്രോ ബാഗുകളിലും തറയിലുമായി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്ക്യൂ സെന്ററിന്റെ പിന്നിലുള്ള ഉപയോഗശൂന്യമായ ക്വാർട്ടേഴ്സിനുള്ളിൽ നട്ടുവളർത്തിയെന്ന് അജേഷ് ഒപ്പിട്ട് നൽകിയ കുറ്റസമ്മത മൊഴിയിൽ പറയുന്നു. മൂന്ന് ആഴ്ചയോളം ചെടികൾ വളർത്തി. താനും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ്.
തന്റെ വീടിനടുത്തുള്ള സുഹൃത്ത് പുറത്തുനിന്ന് വന്നപ്പോൾ ആണ് കഞ്ചാവ് ചെടികൾ നൽകിയത്. ഓഫീസിനോട് ചേർന്ന് കഞ്ചാവുചെടി നട്ടു വളർത്തുന്ന കാര്യം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, മൂന്ന് വനിതാ ബീറ്റ് ഓഫീസർമാർ എന്നിവർക്ക് അറിയാമായിരുന്നു. മൊഴി നൽകിയ 16ന് മൂന്നുദിവസം മുമ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഓഫീസർ എന്നിവരും താനും ചേർന്ന് ചെടികൾ പിഴുതെടുത്ത് സമീപത്തെ ചപ്പാത്തിൽ കൊണ്ടിട്ട് നശിപ്പിച്ചെന്ന് റേഞ്ച് ഓഫീസർ സമർപ്പിച്ച അജേഷിന്റെ മൊഴിയിൽ പറയുന്നു.
പകവീട്ടലായി പോര്
റേഞ്ച് ഓഫീസറുടെ സ്ഥലം മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ തിരിച്ചടിയായി മാറിയിരിക്കുകയാണ് റേഞ്ച് ഓഫീസർ നൽകിയ റിപ്പോർട്ട്. തനിക്കെതിരേ പരാതിപ്പെട്ട മൂന്ന് വനിതാ ഉദ്യോഗസ്ഥർക്ക് കഞ്ചാവ് ചെടികൾ വളർത്തിയതിൽ അറിവുണ്ടെന്ന പരാമർശത്തോടെയാണ് റേഞ്ച് ഓഫീസർ സ്ഥലംമാറ്റ ഉത്തരവ് കിട്ടിയതിന് പിന്നാലെ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥരെ കൂടാതെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഓഫീസർ എന്നിവരുമാണ് കുറ്റസമ്മതം നടത്തിയ ജീവനക്കാരൻ അജേഷിനെ കൂടാതെ റിപ്പോർട്ടിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്.
സംഭവം സത്യം
പ്ലാച്ചേരി ഓഫീസിൽ കഞ്ചാവ് വളർത്തുന്നുവെന്നത് സംബന്ധിച്ച് ചിത്രങ്ങൾ സഹിതം രഹസ്യമായി വിവരം ലഭിച്ചതോടെയാണ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതെന്ന് സ്ഥലംമാറ്റപ്പെട്ട റേഞ്ച് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. 300 ചെടികൾ വളർത്തിയിരുന്നുവെന്നും താൻ വിവരം അറിഞ്ഞ് എത്തുന്നതിന് മുമ്പ് ഇവയെല്ലാം നശിപ്പിച്ചതായാണ് കണ്ടതെന്നും ജയൻ പറഞ്ഞു. വലിയ റേഞ്ചാണ് എരുമേലി.
സ്ഥിരം വന്യ ജീവി സംഘർഷമുള്ള ഇവിടെ ജോലിയിൽ ഉഴപ്പുന്നവർക്കെതിരേ കർശനനടപടിയാണ് താൻ സ്വീകരിച്ചിട്ടുള്ളത്. ഐഎസ്ഒ ബഹുമതി റേഞ്ചിന് ലഭിച്ചത് തന്റെ നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണെന്നും ബി.ആർ. ജയൻ പറഞ്ഞു.
വാസ്തവവിരുദ്ധം
റേഞ്ച് ഓഫീസർ ബി.ആർ. ജയനെതിരേ പരാതിപ്പെട്ടവരെ ആസൂത്രിതമായി കുടുക്കാൻവേണ്ടി സൃഷ്ടിച്ച നുണയാണ് കഞ്ചാവ് ചെടികൾ വളർത്തിയെന്ന കെട്ടിച്ചമച്ച സംഭവമെന്ന് പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. അജയ് ദീപികയോട് പറഞ്ഞു.