കുളത്തൂപ്പുഴ: കൂടുതല്‍ പണം മുടക്കാതെ ഏറെ നേരം ലഹരി കണ്ടെത്താന്‍ കുറുക്കു വഴികള്‍ തേടുന്ന യുവത്വങ്ങള്‍ ഒന്നാകെ കഞ്ചാവിന്റെ മാസ്മരിക ലോകത്തേക്ക്. യുവാക്കളും മദ്ധ്യവയസ്കരും കഞ്ചാവിന് അടിമപ്പെട്ടതോടെ വനത്താല്‍ ചുറ്റപ്പെട്ട ആദിവാസി കോളനികളിലും ഗ്രാമപ്രദേശങ്ങളിലും മലയോര കോളനികളിലുമെല്ലാം കഞ്ചാവ് ലോബി പിടിമുറുക്കിയിരിക്കുകയാണ്. മദ്യത്തിലും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളിലും സുഖം കണ്ടെത്തിയിരുന്ന യുവാക്കളാണ് ഇപ്പോള്‍ കഞ്ചാവിന്റെ പിടിയിലായിലായിരിക്കുന്നവരില് ഏറെയും.
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലഹരി കണ്ടെത്താമെന്നതാണ് യുവാക്കളെ ഒന്നാകെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കഞ്ചാവിന്റെ മാസ്മരിക ലഹരിയില്‍ സുഖം കണ്ടെത്തി എന്നെന്നേക്കുമായി ജീവച്ഛവങ്ങളായി മാറുന്ന ദുരിത പൂര്‍ണ്ണമായ അവസ്ഥയിലേക്ക് പുതു തലമുറേയെ മുഴുവനെത്തിക്കുമെന്ന ഭയപ്പാടിലാണ് ഗ്രാമീണര്‍.
ഏതാനും നാള് മുമ്പ് പ്രദേശത്തെ ആദിവാസി കോളനിയില്‍ നിന്നും ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഇയാള്‍ക്ക് രക്തം ആവശ്യമായി വന്നതിനെ തുടര്‍ന്ന് രക്തം നല്കാന് എത്തിയവരില്‍ ഭൂരിഭാഗം പേരുടെയും രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ലഹരിയുടെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതാണ് കോളനികളുടെ അവസ്ഥ.
ഗ്രാമവുമായ് യാതൊരു ബന്ധവുമില്ലാത്ത യുവാക്കള്‍ വിലക്കൂടിയ വാഹനങ്ങളില്‍ കോളനി പ്രദേശത്ത് ചുറ്റികറങ്ങി പോകുന്നത് പതിവ് കാഴ്ചയാണെന്നും കഞ്ചാവ് വാങ്ങാനായാണ് ഇവര്‍ ഗ്രാമത്തിലെത്തുന്നതെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടാനുസരണം കഞ്ചാവ് എത്തിച്ച് നല്കുന്ന സംഘങ്ങളും പ്രദേശത്ത് സജീവമാണ്.
കഞ്ചാവ് ലോബിയുടെ ഭീക്ഷണി ഭയന്ന് നാട്ടുകാരാരും പ്രതികരിക്കാന്‍ മുതിരാറില്ലെന്നതാണ് ഇവര്‍ക്ക് പ്രചോദനവും. ഗ്രാമീണരുടെ അവശതയും ഇല്ലായ്മയും മുതലെടുത്ത് യുവാക്കളെ പണമെഴുക്കി ക്രമേണ ഇവരുടെ വരുതിയിലാക്കി കഞ്ചാവ് വിൽപ്പന ശൃംഖലയുടെ ഭാഗമാക്കുകയാണ് ചെയ്യുന്നത്.
ആളൊഴിഞ്ഞ വനഭാഗത്ത് കൂട്ടം കൂടിയ നിലയില്‍ യുവാക്കളെ പലപ്പോഴും കാണാറുണ്ടെങ്കിലും പോലീസൊ എക്സൈസ് അധികൃതരോ തിരിഞ്ഞ് നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. പതിനാറിനും, മുപ്പത്തഞ്ചിനും ഇടയിലുള്ള യുവജനങ്ങളാണ് കഞ്ചാവിന്റെ അടിമകളായവരില്‍ പലരും. ഇതിനാല്‍ തന്നെ തമ്മില്‍ തല്ലും സാമൂഹ്യവിരുദ്ധശല്യവും വ്യാപകമാണ് .കുളത്തുപ്പുഴ ചന്ത ഭാഗത്തും ബസ്്ഡിപ്പോ ,നെടുവന്നൂർ കടവ് എന്നീപ്രദേശങ്ങളും ലഹരിയുടെ പിടിയിലാണ്.