റെൻ
കണ്ണൂർ: കാമുകിമാർക്കായി ഇൻസ്റ്റഗ്രാമിൽ ചൂണ്ടയിട്ടു കഞ്ചാവ്-മയക്കുമരുന്ന് മാഫിയ. കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായ കഞ്ചാവുസംഘത്തിൽനിന്നാണ് കാമുകിമാരെകൊണ്ടു നടത്തുന്ന കഞ്ചാവ്, മയക്കുമരുന്ന് കടത്തിനെക്കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ണൂർ പോലീസിന് ലഭിച്ചത്.
യുവാവിനെ മർദിച്ച സംഭവത്തിൽ എട്ടംഗ സംഘത്തിലെ അഞ്ചുപേരെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയെക്കുറിച്ചു പോലീസിന് ഒറ്റിക്കൊടുത്തുവെന്ന് പറഞ്ഞാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
ഈ സംഭവത്തിലെ എട്ടുപേരിൽ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായിട്ടുള്ള ഒരാളുടെ കാമുകിയായ താമരശേരി സ്വദേശിനി ബംഗളൂരു എയർപോർട്ടിലാണ് ജോലി ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി ഈ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു പ്രണയത്തിലാകുകയായിരുന്നു. ഈ പെൺകുട്ടിയെ ലഹരി നല്കി പ്രതി വശീകരിക്കുകയും ചെയ്തു.
തുടർന്ന്, കേരളത്തിലേക്കു പലതവണ ഈ പെൺകുട്ടിയെ ഉപയോഗിച്ചു കഞ്ചാവും മയക്കുമരുന്നും കടത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പ്രൊഫൈൽ തപ്പിയിറങ്ങും
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരി മാഫിയ ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈലുകൾ നോക്കി കാമുകിമാരെ തപ്പിയിറങ്ങും. ചിത്രങ്ങളിൽ ലൈക്കടിച്ചും കമന്റടിച്ചും ചാറ്റിംഗിലൂടെ തുടരുന്ന സൗഹൃദം പ്രണയമായി മാറാൻ അധികം വൈകില്ല.
ലഹരി മാഫിയ സംഘത്തിന്റെ ബെൻസ് അടക്കമുള്ള ആഡംബര വാഹനങ്ങളിൽ ഇരിക്കുന്ന ചിത്രങ്ങളും വില കൂടിയ വസ്ത്രങ്ങൾ അണിഞ്ഞുള്ള ചിത്രങ്ങളും ലഹരി മാഫിയസംഘത്തിന്റെ ഇൻസ്റ്റാഗ്രാമിൽ കാണുന്പോൾ പെൺകുട്ടികൾ മതിമയങ്ങി വീഴും.
പിന്നെ, ഒരുമിച്ചുള്ള യാത്രകളായി. ഇതിനിടയിൽ, പെൺകുട്ടികളുടെ ബാഗുകളിൽ ബംഗളൂരുവിൽനിന്നു കേരളത്തിലേക്കു ലഹരിയും ഒഴുക്കുന്നു.
പെൺകുട്ടികളെ പരിശോധിക്കില്ല
വലിയ വാഹനങ്ങൾ പെൺകുട്ടികളുമായി ചെക്ക് പോസ്റ്റ് കടക്കുന്നതിനുമുണ്ട് സമയം. പുലർച്ചെയായിരിക്കും ഇവരുടെ വരവ്. ഈ സമയത്ത് വനിതാ പോലീസുകാരുടെ അഭാവം യുവതികൾ പരിശോധനയിൽനിന്ന് ഒഴിവാകുന്നു.
വാഹനം പരിശോധിച്ചാലും യുവതികളുടെ ശരീരത്തിൽ ഒളിപ്പിച്ച ലഹരികളിൽ കേരളത്തിലേക്കു സുരക്ഷിതമായി എത്തുന്നു.
സമീപകാലത്ത് ആലപ്പുഴ സ്വദേശിനിയും കണ്ണൂരിലെ കഞ്ചാവ് സംഘത്തിന്റെ കാമുകിയുമായ യുവതി ലഹരി തേടി കണ്ണൂരിലെത്തി നഗ്ന നൃത്തം ചെയ്ത സംഭവും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ എടക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.