കായംകുളം: അമ്മയുടെ കണ്മുന്പിലിട്ട് പതിനേഴുകാരനെ കഞ്ചാവ് സംഘം വെട്ടിയ സംഭവത്തിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇവർ ഉടൻ പിടിയിലാവുമെന്നും പോലീസ്. ഇന്നലെ പുലർച്ചെയാണ് കൃഷ്ണപുരം ഞക്കനാൽ സ്വദേശിയായ പതിനേഴുകാരനെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചത്.
സഹോദരനെ അന്വേഷിച്ചെത്തിയ സംഘം ഇയാൾ വീട്ടിലില്ലെന്ന് മനസിലാക്കി തിരികെ പോകുകയും പിന്നീട് വീണ്ടും എത്തി വീടിനു നേരെ ആക്രമണം നടത്തിയ ശേഷം പതിനേഴുകാരനായ ഇയാളുടെ അനുജനെ അമ്മയുടെ കണ്മുന്പിലിട്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരാഴ്ച മുന്പ് കൃഷ്ണപുരത്ത് നിന്നും കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് പോലീസിന് വിവരം നൽകിയത് പതിനേഴുകാരന്റെ സഹോദരനാണന്ന സംശയത്തെ തുടർന്നാണ് ആക്രമണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.