വൈപ്പിൻ: പള്ളത്താംകുളങ്ങര ബീച്ചിൽ എത്തിയ സന്ദർശകരും ഏഴംഗ കഞ്ചാവ് മാഫിയയും തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന നാലുപേർക്കും കുത്തേറ്റിട്ടുണ്ട്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.30നാണ് സംഭവം.
നെടുന്പാശേരി വിമാനത്താവളത്തിലെ കാസിനോ എയർ കേറ്റേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് എന്ന കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ തമിഴ്നാട് തൃശ്നാപ്പിള്ളി ചെട്ടിപ്പാളയം സ്വദേശി തങ്കരാജിന്റെ മകൻ ഗജേന്ദ്രൻ(35) ആണ് മരിച്ചത്.
ഗജേന്ദ്രന്റെ പുറത്ത് ആഴമേറിയ നാലു മുറിവുകളാണ് ഉണ്ടായിരുന്നത്. ആദ്യം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ എറണാകുളത്തേക്ക് മാറ്റുകയും ഇന്ന് പുലർച്ചെ ഒന്നോടെ മരണപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന തൃശൂർ ചേലക്കര സ്വദേശി ബിനീഷ്, തിരുവനന്തപുരം സ്വദേശി സാബു, തൃശൂർ സ്വദേശി ഡിവൈൻ, തൊടുപുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തെ തുടർന്ന് എട്ട് പേരെ പുലർച്ചെ മുനന്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചരയോടെ എത്തിയ സന്ദർശക സംഘം രാത്രി ബീച്ചിലെ പാർക്കിംഗ് ഏരിയയിൽ നിൽക്കുന്പോഴാണ് ഒരുപറ്റം യുവാക്കൾ എത്തി കശപിശയുണ്ടാക്കിയതെന്ന് പോലീസ് അറിയിച്ചു.
തുടന്നാണ് വാക്കേറ്റവും സംഘട്ടനവും ആയുധം ഉപയോഗിച്ച് ആക്രമണവും ഉണ്ടായത്. ആക്രമണത്തിനുശേഷം രണ്ട് ബൈക്കുകളിലായി നാലുപേർ ബീച്ചിൽ നിന്നും തെക്ക് ഭാഗത്തേക്കും മറ്റൊരു ബൈക്കിൽ മൂന്ന് പേർ കിഴക്ക് ഭാഗത്തേക്കും രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് കുത്തേറ്റ ഗജേന്ദ്രനെയും കൊണ്ട് പരിക്കേറ്റവർ അവരുടെ വാഹനത്തിൽ ആശുപത്രയിലെത്തിച്ചത്.