ചേർപ്പുങ്കൽ: ചേർപ്പുങ്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായതായി പരാതി. ചേർപ്പുങ്കൽ-ഇട്ടിയപ്പാറ റോഡിലാണ് കഞ്ചാവ്, മയക്കുമരുന്ന്, മദ്യപ സംഘങ്ങൾ രാത്രി പകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്നത്.
നാളുകൾക്കുമുന്പ് പ്രദേശത്തുനിന്നും കഞ്ചാവ് വിൽപന നടത്തിയിരുന്നവരെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് രാത്രി, പകൽ വ്യത്യാസമില്ലാതെ പട്രോളിംഗ് ശക്തമാക്കിയതോടെ കഞ്ചാവ് മാഫിയ സംഘങ്ങൾ പിൻവലിഞ്ഞിരുന്നു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ പോലീസിന്റെ പരിശോധനകളും പട്രോളിംഗും കുറഞ്ഞതോടെ കഞ്ചാവ് ലഹരി സംഘങ്ങൾ തലപൊക്കിയിരിക്കുകയാണ്.
ചേർപ്പുങ്കൽ ഇട്ടിയപ്പാറ റോഡിലുടെ പ്രദേശവാസികളല്ലാത്ത ധാരാളം ചെറുപ്പാക്കാരാണ് ആഡംബര ബൈക്കുകളിൽ അമിത വേഗതയിൽ സഞ്ചരിക്കുന്നത്.
ജനത്തിരക്ക് കുറഞ്ഞ ഈ റോഡിലെ പല സ്ഥലങ്ങളിലും ബൈക്കിലെത്തുന്ന ചെറുപ്പക്കാർ കൂട്ടം ചേർന്നു നില്ക്കുന്നതും പതിവായിരിക്കുകയാണ്.
ഇതു പ്രദേശവാസികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാൽ ഉടൻ തന്നെ ഇത്തരം സംഘങ്ങൾ പല വഴിക്കായി പിരിയുകയും ചെയ്യും.
രാത്രികാലങ്ങളിൽ ഈ റോഡിലെ ജനവാസം കുറഞ്ഞ കേന്ദ്രങ്ങളിൽ ബൈക്കിലെത്തുന്നവർ തന്പടിക്കാറുണ്ട്. ഈ സമയത്ത് മറ്റു വാഹനങ്ങൾ വരുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ഇവർ ഉടൻ തന്നെ മുന്നോട്ട് പോവുകയും അല്പ ദൂരം എത്തിക്കഴിയുന്പോൾ തിരികെ പഴയ സ്ഥലത്തേക്കു തന്നെ തിരികെ പോരുന്നതും പതിവ് കാഴ്ചയാണ്.
മാഫിയ സംഘങ്ങൾ റോഡ് കിഴടക്കിയതോടെ കാൽനടയാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും റോഡിലുടെ പോകാൻ ഭയമാണ്.
വൈകുന്നേരങ്ങളിൽ ഇവിടെ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളജിൽ നിന്നുള്ള വിദ്യാർഥിനികൾ ചേർപ്പുങ്കലിലേക്ക് കാൽനടയായി പോകുന്പോഴും ആഡംബര ബൈക്കുകളിൽ അമിത വേഗതയിൽ പോകുന്ന യുവാക്കളുടെ ശല്യമുണ്ട്.
കുമ്മണ്ണൂർ കടപ്ലാമറ്റം റോഡിലെ പാറേൽപ്പീടികയിൽ നിന്നും ഇട്ടിയപ്പാറ റോഡിലേക്ക് എത്താനും വഴിയുണ്ട്. ഈ റോഡിലും കഞ്ചാവ് വിൽപനക്കാരുടെയും ശല്യമുണ്ട്.
ജനത്തിരക്ക് തീരെ കുറഞ്ഞ ഈ റോഡിൽ വച്ചാണു രാത്രിയിലും പകലും കഞ്ചാവ് കൈമാറ്റമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും പരാതിയുണ്ട്. ഈ റോഡിലുടെ പോലീസ് എത്താറില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ഇട്ടിയപ്പാറ റോഡിലുടെ മങ്കൊന്പ് ക്ഷേത്രത്തിനു സമീപം എത്തിയാൽ പാളയം ഭാഗത്തേക്കും ഇട്ടിയപ്പാറ ഭാഗത്തേക്കും പോകുന്നതിനുള്ള വഴികളുണ്ട്.
ഇതിൽ പാളയം ഭാഗത്തേുള്ള റോഡിൽ റബർ തോട്ടങ്ങളും ആൾതാമസം കുറവുമാണ്. ഇവിടങ്ങളിലെ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചു യുവാക്കൾ ഒത്തുകുടുന്നുണ്ട്.
നാളുകൾക്കു മുന്പ് അതിരാവിലെ റബർ ടാപ്പിംഗ് നടത്താൻ എത്തിയവരെ കണ്ടതോടെ ഏതാനും ചെറുപ്പക്കാർ റബർ തോട്ടത്തിൽനിന്നും ഓടിപ്പോയതായും പറയപ്പെടുന്നു.
മുൻകാലങ്ങളിൽ രാത്രി എട്ടിനുശേഷം വളരെ കുറച്ചു വാഹനങ്ങൾ മാത്രം പോയിരുന്ന ഈ റോഡിലുടെ അർധരാത്രിയിലും ധാരാളം ബൈക്കുകൾ പോകുന്നുണ്ട്.
അടിയന്തരമായി കിടങ്ങൂർ പോലീസ് ചേർപ്പുങ്കൽ ഇട്ടിയപ്പാറ റോഡിൽ രാത്രി, പകൽ വ്യത്യാസമില്ലാതെ പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.