കോട്ടയം: മൂലേടത്തെ ഇടവഴികളിൽ കഞ്ചാവ് വിൽപനയെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കഞ്ചാവ് വിൽപനക്കാരുടെ രഹസ്യ താവളമായി മൂലേടത്തെ ചില ഇടവഴികൾ മാറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ദിവാൻകവലയ്ക്കും കടുവാക്കുളത്തിനും ഇടയ്ക്ക് കിഴക്കു ഭാഗത്തേക്കുള്ള ഇടവഴികളാണ് ഇപ്പോൾ കഞ്ചാവ് കച്ചവടക്കാർ താവളമാക്കിയിരിക്കുന്നത്.
അധികം ആൾ സഞ്ചാരമില്ലാത്ത റോഡാണിത്. അൽപ ദൂരം മാത്രമേ വീതിയുള്ള റോഡുള്ളു. ബാക്കി ഭാഗം ഇരുചക്ര വാഹനങ്ങൾക്കു മാത്രം സഞ്ചരിക്കാവുന്ന വീതിയേയുള്ളു. കുന്നന്പള്ളി റോഡിലേക്ക് ചേരുന്ന ഇടവഴി കൂടിയാണിത്. ഇവിടെയാണ് കഞ്ചാവ് കൈമാറ്റം നടക്കുന്നത്.
ദിവസം ഇരുപത്തഞ്ചിലധികം ചെറുപ്പക്കാർ പല സമയങ്ങളിലായി ഇവിടെ എത്തി കഞ്ചാവ് കൈമാറുന്നുണ്ട്. ഇതുവഴി ആരെങ്കിലും വന്നാൽ അവർക്ക് കഞ്ചാവ് പുകയുടെ മണമേറ്റേ പോകാനാവു. ഇരുപത്തഞ്ചിലധികം ആളുകൾ വന്നുപോകുന്നുവെങ്കിൽ ദിവസം രണ്ടോ മൂന്നോ കിലോഗ്രാം കഞ്ചാവിന്റെ കച്ചവടം ഇവിടെ നടക്കുന്നുവെന്നുവേണം കരുതാൻ.
പോലീസിന്റെ സാന്നിധ്യം ഒരിക്കൽ പോലും ഉണ്ടാകുന്നില്ല എന്നതാണ് കഞ്ചാവ് മാഫിയയെ ഇവിടെ തന്പടിക്കാൻ പ്രേരിപ്പിക്കുന്നത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട സ്ഥലമാണിത്. പണ്ട് സമീപത്തെ പള്ളിയിൽ രണ്ടു തവണ മോഷണം നടന്നപ്പോൾ രാത്രി പട്രോളിംഗ് ഏർപ്പെടുത്തിയതാണ്.
പള്ളിക്കു മുന്നിലെ ബുക്കിൽ പട്രോളിംഗ് പോലീസ് ഒപ്പിടുമായിരുന്നു. ഇപ്പോൾ ബുക്കുണ്ട് പോലീസ് എത്തുന്നില്ല. ഇതെല്ലാം മനസിലാക്കിയാണ് കഞ്ചാവ് കച്ചവടക്കാർ ഇവിടേക്ക് താവളം മാറ്റിയതെന്നുവേണം കരുതാൻ. അതേ സമയം കഞ്ചാവ് വിൽപനക്കാരെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചെന്നും താമസിയാതെ മുഴുവൻ കഞ്ചാവ് വില്പനക്കാരും പിടിയിലാകുമെന്നും ഈസ്റ്റ് എസ്ഐ പറഞ്ഞു.
ബൈക്ക് പട്രോളിംഗ് പാർട്ടിയുടെ സഹായത്തോടെ കഞ്ചാവ് ലോബിയെ കുടുക്കാനാണ് പോലീസ് നീക്കം. ഇതിനായി വേഷം മാറിയ പോലീസിനെയും നിയോഗിച്ചു. രണ്ടുദിവസത്തിനുളളിൽ കഞ്ചാവ് ലോബി അകത്താകും.