മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ പിടിമുറുക്കുന്ന കഞ്ചാവ് കച്ചവടക്കാരെ തളയ്ക്കാനാവാതെ അധികൃതർ വലയുന്നു. കഞ്ചാവ് സൂക്ഷിച്ചിട്ടുള്ള സ്ഥലം കണ്ടെത്താൻ അധികാരികൾക്ക് വേഗത്തിൽ കഴിയാത്തതും പ്രദേശവാസികൾ വിവരം മറച്ചു വയ്ക്കുന്നതും മാഫിയയ്ക്കു വളമാകുകയാണ്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ ഇടവഴികളിലൂടെയാണ് സംസ്ഥാനത്ത് കഞ്ചാവ് എത്തിച്ചേരുന്നത്. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തി പ്രദേശത്തുള്ളവരുടെ സഹായത്തോടെ എത്തുന്ന കഞ്ചാവ് താരതമ്യേന പരിശോധന കുറഞ്ഞ ഇടുക്കിയിലൂടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ എത്തുന്നതായാണ് വിവരം.
ഇതര സംസ്ഥാനക്കാരെയും യുവാക്കളെയും വിദ്യാർഥികളെയും കണ്ണികളാക്കിയാണ് സംഘങ്ങൾ പ്രദേശത്ത് വേരുപിടിച്ചിരിക്കുന്നത്. നഗരങ്ങളിൽ പരിശോധന ശക്തമാകുന്ന സാഹചര്യങ്ങളിൽ വനപ്രദേശങ്ങളുൾപ്പെട്ട സമീപ പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലേക്കു മാറ്റി പലപ്പോഴും കഞ്ചാവ് സംഘങ്ങൾ രക്ഷപ്പെടുന്നതും പതിവാണ്. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവിന്റെ ചില്ലറ വിൽപ്പന നടക്കുന്നതായും പരാതിയുണ്ട്.
കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് നാട്ടിൻ പുറങ്ങളിലെ വീടുകളിൽ വിൽപ്പന നടക്കുന്നത്. പ്രദേശത്തെ വിദ്യാലയങ്ങളും ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകളും കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്ന മാഫിയ ഇതര സംസ്ഥാന തൊഴിലാളികൾ വൻ തോതിലുള്ള പെരുന്പാവൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലാണ് ചുവടുറപ്പിച്ചിരിക്കുന്നത്. ഓണം എത്തിയതോടെ മൂവാറ്റുപുഴ, പെരുന്പാവൂർ നഗരങ്ങളിൽ വിൽപ്പന സംഘങ്ങൾ വിലസുകയാണ്.