മുക്കം : ജില്ലയുടെ കിഴക്കന്‍ മലയോര മേഖല വീണ്ടും ലഹരി മാഫിയയുടെ പിടിയില്‍ . മുക്കം നഗരസഭ,കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്പാടി പഞ്ചായത്തുകളിലാണ് കഞ്ചാവ്, ഹഷീഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മയക്ക് മരുന്നുകളും അനധികൃത മദ്യവില്‍പ്പനയും വീണ്ടും സജീവമാവുന്നത്. മുക്കം പോലീസിനെ ഉള്‍പ്പെടെ കാഴ്ചക്കാരാക്കി ലഹരി മാഫിയ വിലസുമ്പോള്‍ പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.പി.അഭിലാഷിനെ കണ്ണൂരിലേക്കും ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡിലെ ഷഫീഖ് നീലിയാനിക്കലിനെ ക്യാമ്പിലേക്കും സ്ഥലം മാറ്റിയതോടെ ലഹരി മാഫിയ ഇവിടെ വീണ്ടും ശക്തമാവുകയായിരുന്നു. കെ.പി.അഭിലാഷും സംഘവും നടത്തിയ പരിശോധനകള്‍ക്കിടയില്‍ നിരവധി കഞ്ചാവ് കേസുകള്‍ , എംഡിഎംഎ, ഹാഷീഷ് ഓയില്‍ , ഹെറോയിന്‍ തുടങ്ങി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളുടെ തുടരന്വേഷണം നിലച്ചിരിക്കുകയാണ്.
മുക്കം പോലീസ് സ്റ്റേഷനില്‍ നാഥനില്ലാത്ത അവസ്ഥയാണ്. ഒരു അഡീഷണല്‍ എസ്ഐ സൂപ്പര്‍ എസ്ഐ ചമയുകയാണന്നും ആരോപണമുണ്ട്. നിരവധി തവണ കഞ്ചാവ് കേസുകളില്‍ പ്രതിയായ പലരും ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്‍പ്പന തുടങ്ങിയിട്ടുണ്ട്. മുക്കം കടവ് പാലത്തിന് സമീപം പഴയ വെന്റ് പൈപ്പ് പാലവും ലഹരി മാഫിയയുടെ താവളമാണ്.
പോലീസ് സ്റ്റേഷന്റെ കണ്ണത്താ ദൂരത്ത് നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളും പോലീസ് കണ്ടില്ലന്ന് നടിക്കുകയാണ്. മത്സ്യ ബന്ധനത്തിന്റെ മറവിലാണിവിടെ ലഹരി വില്‍പ്പന. സ്വകാര്യ മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് വന്‍ ലഹരിയായ എംഡിഎംഎ ഉള്‍പ്പെടെ വില്‍പ്പന പതിവാണന്നും സൂചനയുണ്ട്.
സുഗന്ധദ്രവ്യങ്ങള്‍ കച്ചവടം നടത്തുന്നതിന്റെ മറവിലും ലഹരി വില്‍പ്പന തകൃതിയാണന്ന വിവരം ലഭിച്ചിട്ടും പോലീസ് പേരിന് പരിശോധന നടത്തുക മാത്രമാണ് ചെയ്തത്. അതോടൊപ്പം തന്നെ വിദ്യാലയങ്ങളുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും വലിയ തോതിലാണ് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നത്. കൊടിയത്തൂര്‍ പന്നിക്കോട് എല്‍പി സ്കൂളിനോട് ചേര്‍ന്ന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അനധികൃതമായി മദ്യവില്‍പ്പന തകൃതിയായാണ് നടക്കുന്നത്.
തിരുവമ്പാടിയിലെ ചില്ലറ വില്‍പ്പനശാലയില്‍ നിന്ന് കുപ്പികള്‍ വാങ്ങി ഇവിടെയെത്തിച്ച് ആവശ്യക്കാര്‍ക്ക് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം കേസുകള്‍ പിടികൂടിയാല്‍ പിന്നെ അതിന്റെ പിന്നാലെ നടക്കേണ്ടി വരുമെന്നതാണ് പോലീസിനെ അതില്‍ നിന്നും പിന്നോട്ടടിക്കുന്നത്.
അതേ സമയം 50 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയ കേസിലെ പ്രതികള്‍ക്ക് വലിയ ശിക്ഷ ലഭിക്കാനിടയായത് അന്വേഷണ സംഘത്തിന്റെ മികവ് തന്നെയായിരുന്നു .സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ പിടികൂടുന്ന ജാഗ്രത പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല.