മുംബൈ: ഇറാനില്‍ നിന്നും കടല്‍ മാര്‍ഗം മുംബൈയിലേക്ക് കൊണ്ടുവന്ന വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന 283 കിലോ ഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
രാജ്യത്ത് അടുത്തിടെ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തു നിന്നും റോഡ് മാര്‍ഗം മുംബൈയിലേക്ക് എത്തിക്കുന്നതിനിടെയാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
ടാല്‍ക്കം സ്റ്റോണുകളുമായി വന്ന രണ്ട് കണ്ടെയ്നറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ടരന് ടാന്‍ സ്വദേശി പ്രഭ്ജിത്ത് സിംഗിനെ പിടികൂടി. രണ്ടു പേരെ മധ്യപ്രദേശില്‍ നിന്നും പിടികൂടി.
കഴിഞ്ഞയാഴ്ച 126 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് സൗത്ത് ആഫ്രിക്കന്‍ പൗരന്മാരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടിയത് 600 കോടി രൂപയുടെ മയക്കുമരുന്നാണ്.