മണ്ണാർക്കാട് : കാർഷികവൃത്തിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മണ്ണാർക്കാടിനെ ലഹരി മാഫിയകളുടെ കേന്ദ്രമാക്കാൻ നീക്കം.വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ഇവിടെ ലഹരി കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
ലഹരി ഉപയോഗം വിദ്യാർത്ഥികളിലും യുവാക്കളിലും ഏറി വരുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.ലഹരി കടത്തുമായി ബന്ധപ്പെട്ട് യുവാക്കളേയും പ്രായപൂർത്തിയാകാത്തവരേയും പോലീസും എക്സൈസും പിടികൂടിയിട്ടുണ്ട്.ഇതിനെതിരെ ബോധവൽക്കരണം അനിവാര്യമാണെന്ന് സാമൂഹ്യ പ്രവർത്തകരും രക്ഷിതാക്കളും പറയുന്നു.
ഒരു കാലത്ത് അട്ടപ്പാടിയിൽ നിന്നാണ് കഞ്ചാവ് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നൂറ് കണക്കിന് കിലോ കഞ്ചാവാണ് കരിങ്കല്ലത്താണി, നാട്ടുകൽ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്.കരിങ്കല്ലത്താണിയിൽ നിന്ന് 205 കിലോ കഞ്ചാവുമായി മൂന്നു പേരും അറസ്റ്റിലായി. പാലോട് നിന്ന് 190 കിലോ കഞ്ചാവാണ് പിടികൂടിയത്.
നവംബർ മാസം മുതൽ ജനുവരി വരെയാണ് കഞ്ചാവ് വിളവെടുപ്പിന്റെ സമയം.ഈ സമയത്ത് കഞ്ചാവ് ലോബികൾ അട്ടപ്പാടി, ഇടുക്കി എന്നിവിടങ്ങളിൽ സജീവമാകും. കഞ്ചാവ് ഉണക്കി പൊതികളിലാക്കിയും കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച യുവാക്കളെ കൊണ്ട് കഞ്ചാവ്ബീഡി ഉണ്ടാക്കി സ്റ്റോക്ക് ചെയ്യുന്ന കേന്ദ്രം വരേയുമുണ്ട്.
സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളുടെ പരിസരത്ത് യുവാക്കൾ വിദ്യർത്ഥികളുടെ വേഷത്തിൽ എത്തിയാണ് വിൽപന നടത്തുന്നത്.സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് പണവും മൊബൈലും വാഗ്ദാനം നൽകിയാണ് കാരിയർമാരാക്കുന്നത്.
കോളേജ് വിദ്യാർത്ഥികൾക്ക് ഒന്നോ രണ്ടോ ദിവസം ഉപയോഗിക്കാൻ പ്രേരിപ്പിക്കും. പിന്നീട് അവർ തന്നെ പണം മുടക്കി വാങ്ങി ഉപയോഗിക്കാൻ തുടങ്ങും.ഇങ്ങനെ ഉപയോഗിച്ച് ശീലിച്ച വിദ്യാർത്ഥികളാണ് കോളേജിൽ സംഘട്ടനം ഉണ്ടാക്കുന്നതെന്ന് ചില അദ്ധ്യാപകർ തന്നെ വെളിപ്പെടുത്തുന്നുണ്ട്.
കോളേജിലേക്ക് പോകുന്പോൾ ബാഗിൽ കഞ്ചാവ് പൊതികളാക്കി കൊണ്ടു പോകുന്നു. പിന്നീട് പ്രത്യേക അടയാളം പറഞ്ഞ് കഞ്ചാവ് കൈമാറുകയാണ് പതിവ്.ഇത്തരക്കാർക്ക് രണ്ടായിരം മുതൽ മൂവായിരം വരെ പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നും വിവരമുണ്ട്. പണത്തിന്റെ എല്ലാ ക്രയവിക്രങ്ങളും നടത്തുന്നത് ഓണ്ലൈൻ വഴിയാണ്.
മണ്ണാർക്കാട്ട് ലഹരിമരുന്നുമായ് ബന്ധപ്പെട്ട് അടുത്ത കാലത്തായി വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 45 ലധികം കേസുകൾ എടുത്തിട്ടുണ്ട്.അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് ധാരളം എത്തുന്നുണ്ട്.
വാളയാർ വഴിയും അട്ടപ്പാടി ആനക്കട്ടി വഴിയും മണ്ണാർക്കാട് എത്തിക്കുകയും ഇവിടെ നിന്ന് മലപ്പുറം ഭാഗത്തേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.ഒരു കിലോ കഞ്ചാവിന് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ മുടക്കിയാണ് വാങ്ങുന്നത്.
ഇതിന് മാർക്കറ്റിൽ അന്പതിനായിരം മുതൽ എഴുപത്തി അയ്യായിരം വരെ ഓഫ് സീസണിൽ ലഭിക്കുമെന്നാണ് ഇതുമായ് ബന്ധപ്പെട്ട് പിടിയിലായവർ പറയുന്നത്.കോളജുകളിലും സ്കൂളുകളുടെ പരിസരത്തും ലഹരി മാഫിയ പിടിമുറുക്കുന്നത് തടയാൻ മണ്ണാർക്കാട് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ സിഐ പി.അജിത്ത് കുമാർ, എസ് ഐ എം.കെ ജസ്റ്റിൻ എന്നിവരടങ്ങുന്ന പത്ത് അംഗ സ്ക്വാഡ് രൂപികരിച്ചതായി ഡിവൈഎസ്പി ദീപികയോടു പറഞ്ഞു.
വിദ്യാലയത്തിന്റെ പരിസരത്ത് പ്രത്യേക പരിശീലനം നൽകിയ പോലീസുകാരെയായിരിക്കും നിയോഗിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പിടിക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.