ചങ്ങനാശേരി: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർന്നത് അറിഞ്ഞോ അറിയാതെയോ ? ഏതായാലും നട്ടുവളർത്തിയ വീട്ടമ്മയ്ക്കെതിരെ തൃക്കൊടിത്താനം പോലീസ് കേസെടുത്തു.
നാലുകോടി ഗവണ്മെന്റ് എൽപി സ്കൂളിനു സമീപം കല്ലുപറന്പിൽ മണിയമ്മ പത്രോസിനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനു പുറമെ മണിയമ്മക്ക് പോലീസ് നോട്ടീസും നൽകിയിട്ടുണ്ട്.
ഇവരുടെ വീട്ടുമുറ്റത്ത് നിന്നും 160 സെന്റീമീറ്റർ ഉയരത്തിൽ തഴച്ചുവളർന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, പ്രിൻസിപ്പൽ എസ്ഐ അഖിൽദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഇവർ കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടി ഇന്നു ചങ്ങനാശേരി കോടതിയിൽ ഹാജരാക്കും.മറ്റേതോ ചെടിയാണെന്നു കരുതിയാണ് വീട്ടുമുറ്റത്ത് നട്ടുവളർത്തിയതെന്നും കഞ്ചാവ് ചെടിയാണെന്ന് മനസിലായിരുന്നില്ലെന്നുമാണ് മണിയമ്മ മൊഴി നൽകിയത്.
കഞ്ചാവ് ചെടി വീട്ടുമുറ്റത്ത് ആരു നട്ടുവളർത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.