തൊടുപുഴ: എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ തൊടുപുഴ മേഖലയിൽ ഇന്നലെ നടത്തിയ വ്യാപക ലഹരി വേട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി ആറു യുവാക്കൾ പിടിയിൽ.
അഞ്ചു വ്യത്യസ്ത കേസുകളാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്നും 124 ഗ്രാം കഞ്ചാവും 150 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മൂവാറ്റുപുഴ വെള്ളൂർ കുന്നം പെരുംതോട്ടത്തിൽ മാഹിൻ ഇക്ബാലിന്റെ (26) പക്കൽ നിന്നും ഒൻപതു ഗ്രാം കഞ്ചാവുും തൊടുപുഴ കാരിക്കോട് കാരക്കുന്നേൽ ഷിനിൽ റസാക്കിനെ (24) 50 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
തൊടുപുഴ ഉരിയരിക്കുന്ന് വാഴയിൽ ജിൽ വി. ജോസി (24) ന്റെ പക്കൽ നിന്നും 150 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴ കുമാരമംഗലം ഈട്ടിക്കൽജൈമോൻ ജോസഫ് (24), തൊടുപുഴ മുതലക്കോടം പഴുക്കാകുളം കാഞ്ഞിരത്തിങ്കൾ ശ്രീകാന്ത് രാജപ്പൻ ( 23) 21 ഗ്രാം കഞ്ചാവും പൾസർ ബൈക്കും പിടി കൂടി. കുമാരമംഗലം ഉരിയരിക്കുന്ന് കണ്ടത്തിങ്കര കെ.ജെ. അമലിനെ (28) അഞ്ച് ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
ഏഴല്ലൂർ, കുമാരമംഗലം ഉരിയരിക്കുന്ന്, ഈസ്റ്റ് കലൂർ പ്ലാന്‍േറഷൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെല്ലാം ലഹരി വിൽപ്പനക്കാരാണ്.
റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദാക്ഷൻ, പ്രിവന്റീവ് ഓഫീസർമാരായ മൻസൂർ, ജയരാജ്, ദേവദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലു ബാബു, ജെസ്മോൻ ജെയിംസ്, ജോർജ് പി.ജോണ്‍സ്,ഡ്രൈവർ അനീഷ് ജോണ്‍ എന്നിവർ പങ്കെടുത്തു.