കോട്ടയം: കഞ്ചാവിന്റെ മൊത്തവിതരണക്കാരെ പിടികൂടാൻ പോലീസിനു കഴിഞ്ഞതു ഒരുമാസമായി നടത്തിയ നിരീക്ഷണം. കഴിഞ്ഞ ഒരുമാസമായി ഇവരുടെ ഫോണ് നന്പരുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.
വയനാട് സ്വദേശികളായ സംഘം കോട്ടയത്തും സമീപ ജില്ലകളിൽ പതിവായി കിലോ കണക്കിനു കഞ്ചാവ് എത്തിച്ചു നല്കുന്ന സൂചന ലഭിച്ചതോടെ പോലീസ് ഇവരെ നിരീക്ഷിക്കാൻ തുടങ്ങിയത്. പതിവായി ആന്ധ്രാപ്രദേശിലേക്കു സംഘം യാത്ര നടത്തുന്നതായി മനസിലാക്കി.
ഓരോ തവണ കഞ്ചാവ് എത്തിച്ചു ചെറുകിടക്കാർക്കു നല്കിയശേഷം സിം മാറ്റുകയാണ് സംഘം ചെയ്തിരുന്നത്. ഇതു മനസിലാക്കിയ പോലീസ് ഇവർ ഉപയോഗിക്കുന്ന ഫോണിൽ ഐഎംഐ നന്പർ കണ്ടെത്തിയശേഷമാണ് ഫോണ് നന്പരുകൾ നിരീക്ഷിച്ചു തുടങ്ങിയത്.
തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കു ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശിൽ എത്തുന്ന സംഘം വിശാഖപട്ടണത്തായിരുന്നു താമസിച്ചിരുന്നത്.
ഇവിടെ നിന്നും ട്രെയിനിൽ പുറപ്പെട്ട സംഘത്തിനൊപ്പം പോലീസുകാർ വേഷം മാറി യാത്ര ചെയ്യാൻ തുടങ്ങിയതു കോയന്പത്തൂരിൽ നിന്നുമാണ്.
ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്നതിന്റെ കൃത്യമായ റൂട്ട് മാപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.