പാന്പാടി: ഒന്നരക്കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവ് വില്പനയിലുടെ നേടിയിരുന്നതു കൊള്ള ലാഭം.
വെസ്റ്റ് ബംഗാൾ മേധിനിപുർ വെസ്റ്റ് ജില്ലയിൽ മുഗ് ബസാർ എസ്.കെ. സംസദ് അലി (26) യെയാണ് പാന്പാടി എക്സൈസ് റേഞ്ചും കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടിയത്.
വെസ്റ്റ് ബംഗാളിൽനിന്നു ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് കോട്ടയം, പാന്പാടി പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് വില്പന നടത്തിയിരുന്നത്.
വെസ്റ്റ് ബംഗാളിൽനിന്ന് ഒരു കിലോഗ്രാം കഞ്ചാവ് 3000 രൂപയ്ക്കാണ് ഇയാൾ വാങ്ങിയിരുന്നത്. കോട്ടയത്ത് എത്തിച്ചു ഈ കഞ്ചാവ് വില്പന നടത്തുന്പോൾ ഇയാൾക്കു 30,000 മുതൽ 40,000 രൂപ വരെയാണ് ലഭിച്ചിരുന്നത്.
കൊള്ള ലാഭം ലഭിച്ചു തുടങ്ങിയതോടെ സംസദ് അലി മറ്റു ജോലികൾക്കൊന്നും പോകാതെ പൂർണമായും കഞ്ചാവ് വിൽപ്പനയിലേക്കു തിരിയുകയായിരുന്നു.
ഫോണിൽ ബന്ധപ്പെട്ടു കഞ്ചാവ് ആവശ്യപ്പെടുന്നവർക്കു സ്ഥലത്ത് എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇന്നലെ മണർകാട് കെകെ റോഡിൽ രാജ് റീജന്റ് ബാർ ഹോട്ടലിന് മുന്നിൽ കഞ്ചാവ് വില്പന നടത്താൻ എത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്.