വൈക്കം: വിൽപനയ്ക്കായി പൊതികളിലാക്കി സൂക്ഷിച്ച കഞ്ചാവ് ഫോറസ്റ്റ് വകുപ്പിലെ ക്ലർക്കിന്റെ വീട്ടിൽനിന്ന് പോലീസ് റെയ്ഡിൽ പിടികൂടി. ക്ലർക്ക് ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മൂന്നാർ ഫോറസ്റ്റ് ഓഫീസിൽ ക്ലർക്കായ വൈക്കം കാരയിൽ സ്വദേശി അമലി(23)ന്റെ വീട്ടിൽ നിന്നാണ് 40 ഗ്രാം കഞ്ചാവ് പിടികൂടിയത്.
അമലിന്റെ സഹോദരൻ അഖിൽ (20) , വൈക്കം ലിങ്ക് റോഡിനു സമീപം താമസിക്കുന്ന അജിത്ത് (24), തോട്ടകം സ്വദേശി നിബിൻ (30), വൈക്കം സ്വദേശി മിഥുൻ (20), കല്ലറ എഴുമാംതുരുത്തുസ്വദേശി അരുണ്‍ ( 24 ) എന്നിവരെയാണ് എസ് ഐ എം.എം.മഞ്ജു ദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ കഞ്ചാവ് വലിക്കുന്നവരും വിൽപനക്കാരുമാണെന്ന് പോലീസ് പറഞ്ഞു.
ഫോറസ്റ്റിൽ ക്ലർക്കായ അമലിന്റെ കാരയിലെ വീട്ടിൽ വിൽപനയ്ക്ക് തയാറാക്കിയ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എസ് ഐ എം.എം.മഞ്ജുദാസിന്റെ നേതൃത്വത്തിൽ എ എസ് ഐ കെ.വി.സന്തോഷ്, സി പി ഒ മാരായ പി.കെ.അനീഷ്, എൻ.എസ്.സെയ്ഫുദ്ദീൻ, മനീഷ്, പി.കെ.രതീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം വീട് റെയ്ഡ് ചെയ്തത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.