ഗാന്ധിനഗർ: ഇറച്ചിക്കടയിൽ കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കോട്ടയം പെരുമ്പായിക്കാട് സംക്രാന്തി പഴയ എംസി റോഡിനോടു ചേർന്നുള്ള ചീമാച്ചേരിൽ സാബുവിന്റെ ചിക്കൻ കടയിലെ ആസാം സ്വദേശികളായ റാഷിദുൾ ഹക്ക് (28), ഹബീബുള്ള (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംക്രാന്തിയിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസിലാക്കിയ എക്സൈസ് സംഘം വേഷം മാറിയാണ് ഇവരെ നിരീക്ഷണം നടത്തിയിരുന്നത്.
ഇന്നലെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ നിന്നു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ കടപരിശോധിച്ചു. കോഴിക്കൂട്ടിലും ഇറച്ചിവെട്ടുന്ന പലകയ്ക്കടിയിലുമായി നിരവധി കഞ്ചാവ് പൊതികളാണ് സൂക്ഷിച്ചിരുന്നത്.
ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നു കരുതുന്നതായി എക്സൈസ് സംഘം പറയുന്നു.