കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിലായ കേസിൽ പ്രതികൾ കഞ്ചാവ് വിറ്റിരുന്നത് മുന്തിയ ഇനത്തിൽപ്പെട്ട മൈസൂർ മാംഗോ എന്ന പേരിൽ.
കേസുമായി ബന്ധപ്പെട്ട് അസം നാഗോണ്‍ സ്വദേശികളായ മുസാഹർ ഹഖ് (ഛോട്ടു-24), ജമീർ ഹഖ് (കരീം ലാലാ- 26) എന്നിവരാണ് എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും എക്സൈസ് സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽനിന്ന് അരക്കിലോ വീതമുള്ള നാല് പോളിത്തീൻ പാക്കറ്റുകളിൽ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി.
ഇടപ്പള്ളി ടോളിന് സമീപം ഇടപാടുകാരെ കാത്തിരുന്ന ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമിൽനിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് മുന്തിയ ഇനം എന്ന പേരിൽ നഗരത്തിൽ വില്പന നടത്തുകയായിരുന്നു.
വില്പനയ്ക്കുശേഷം ഇവർ നാട്ടിലേക്കു മടങ്ങിപ്പോകും. സുഹൃത്തുക്കളാണ് ഇത് പിന്നീട് ചെറു പൊതികളിലാക്കി മലയാളികളായ ഇടനിലക്കാർക്ക് കൂടിയ വിലയ്ക്ക് മറിച്ച് വിറ്റിരുന്നത്.
വില്പനയിലൂടെ പത്തിരട്ടിയോളം ലാഭം കിട്ടിയിരുന്നതായി ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.