അങ്കമാലി: കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി വിലസുമ്പോൾ പരാതികളിൽ നടപടിയെടുക്കാതെ പോലീസ്. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ നടത്തുന്ന ആക്രമണങ്ങളിൽ അവസാനത്തേതാണ് ഇന്നലെ പുളിയനത്തു യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്.
വാഹനത്തിലെത്തിയ എട്ടംഗ സംഘമാണ് ഇന്നലെ പുളിയനം കൽക്കുരിശ് നമ്പ്യത്ത് വീട്ടിൽ ശശിയുടെ മകൻ സതീഷിനെ (25) വെട്ടിയത്. സതീഷിന്റെ ഇന്നോവ കാറും അക്രമിസംഘം തല്ലിതകർത്തു. വെട്ടേറ്റ സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തെ പിന്തുടർന്ന അക്രമിസംഘം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വടിവാളും കത്തിയും മറ്റുമാരകായുധങ്ങളുമായി അക്രമിസംഘം ആശുപത്രിയിലെത്തി ആക്രമണത്തിന്നൊരുങ്ങവെ നാട്ടുകാർ സംഘടിച്ചതോടെയാണ് പിൻവാങ്ങിയത്. വെട്ടേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാണ് ജീവൻ രക്ഷിച്ചത്. കഞ്ചാവ് ലഹരിയിൽ വാഹനമോടിച്ച അക്രമിസംഘം ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയിരുന്നു. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരെ വാളുകൾ വീശി ഭീതിപ്പെടുത്തിയാണ് സംഘം രക്ഷപ്പെട്ടത്.
പുളിയനം അത്താണി അങ്കമാലി മേഖലയിലെ കഞ്ചാവ് മാഫിയയിലെ അംഗങ്ങളാണ് സംഭവത്തിനു പിന്നിൽ. തങ്ങളുടെ സ്വൈര വിഹാരത്തിനു തടസം നിൽക്കുന്നവരെ ഇല്ലായ്മ ചെയ്യാനാണ് ഇവരുടെ ശ്രമം. പുളിയനം ഭാഗത്തെ കഞ്ചാവ് മാഫിയയുടെ ഭീക്ഷണികളെയും പ്രവർത്തനങ്ങളെയും കുറിച്ച് റൂറൽ എസ്പി, അങ്കമാലി സിഐ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
സഹികെട്ടപ്പോൾ നാട്ടുകാർ ഒന്നടങ്കം ഒപ്പിട്ട പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇന്നലത്തെ സംഭവത്തിൽ ഇതുവരെയും ആരെയും പിടികൂടാൻ പോലീസിനായിട്ടില്ല.