കരുനാഗപ്പള്ളി: പുതു തലമുറയെ വലവീശി പിടിച്ച് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ സംഘം സജീവം. മദ്യ ഉപയോഗത്തേക്കാൾ ചെറുപ്പക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളെയാണ്.ജില്ലയിൽ കഞ്ചാവ് കൃഷി നടത്താൻ കഴിയാതെ വന്നതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ മാഫിയ സംഘങ്ങൾ ലഹരി വസ്തുക്കൾ കടത്തൻ ഉപയോഗിക്കുന്നത് 16 നും 25 നും ഇടയിൽ പ്രായമുള്ളവരെയാണ്.
ഏറെയും പിടിയിലാകുന്നവരിൽ അധികവും വിദ്യാർഥികളും, യുവാക്കളുമാണെന്ന് പോലീസും, എക്സൈസ് ഉദ്യോഗസ്ഥരു വ്യക്തമാക്കുന്നത്. ഇരകളാകുന്നവർക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണെന്ന് പിടിക്കപ്പെടുന്നവർ പറയുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരിൽ അധികവും ലഹരിക്ക് അടിമയാവുകയാണ് പതിവ്. തമിഴ്നാട്ടിലെ അതിർത്തി ഗ്രാമമായ കമ്പത്തും, തേനിയിലുമായി കഞ്ചാവ് സ്റ്റോക്ക് ചെയ്തിരിക്കുകയാണെന്നണ് സുചന. ഇതിനായി വൻ മാഫിയ സംഘം തന്നെയാണ് പ്രവർത്തിക്കുന്നത്.
ഇവിടെ നിന്നും ആർക്ക് വേണമെങ്കിലും യഥേഷ്ടം കഞ്ചാവ് ലഭിക്കും. ഒരു കിലോയ്ക്ക് 5000 മുതൽ 6000 രൂപ വരെയാണ് വില. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുമ്പോൾ 15000 രൂപ വരെയാകും. ചെറുപൊതികളിലാക്കി വിൽക്കുമ്പോൾ 30000 രൂപ വരെ കച്ചവടക്കാർക്ക് ലഭിക്കുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ചെറുപ്പക്കാരെ കഞ്ചാവ് കൃഷിയ്ക്ക് കൊണ്ടു പോകുന്നതായി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ആന്ധ്രയിലെ ഉൾക്കാടുകളിലാണ് കൃഷി വ്യാപകമായി നടത്തുന്നത്. അഭ്യസ്ഥവിദ്യരായ യുവാക്കളെ അവരുടെ ദാരിദ്ര്യം മുതലെടുത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ആഡംബര കാറും, മോടിപിടിപ്പിച്ച മുന്തിയ ഇനംബൈക്കുകളും മൊബൈൽ ഫോണും വാഗ്ദാനം നൽകി ഇവരെ നാട്ടിൽ നിന്നും കൊണ്ടു പോകുന്നത്.
അവിടെ എത്തി കഴിയുമ്പോഴാണ് പലരും ചതിയിൽപ്പെട്ടത് മനസിലാകുന്നത്. പിന്നീട് മാഫിയയുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുക അസാധ്യം ആകും. ചതിയിൽപെട്ടവർ ക്രമേണ മാഫിയയുടെ ഭാഗമായി മാറുന്നു. കൗമാരക്കാരാണ് കഞ്ചാവ് വാങ്ങൻ എത്തുന്നതിൽ അധികവും എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് കഞ്ചാവ് തിരുകിയ ബീഡി നൽകി അടിമയാക്കിയ ശേഷം കച്ചവടത്തിനായി ഇവരെ ഉപയോഗിക്കുന്നതാണ് പതിവ്.
ജില്ലയിൽ ഈ വർഷം നിരവധി കേസുകളാണ് എക്സൈസും പോലീസും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതോടൊപ്പം മയക്കുമരുന്ന് ഉപയോഗം പതിൻമടങ്ങ് വർധിച്ചതായാണ് റിപ്പോർട്ട്. വാഹന പരിശോധനകളിൽ കഞ്ചാവ് ഉപയോഗിച്ച വരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പൊതികളിലാക്കി കച്ചവടക്കർ ആവശ്യക്കർക്ക് എത്തിച്ച് നൽകുന്നത്. അതീവ രഹസ്യമായിട്ടാണ് കച്ചവടമെല്ലാം നടത്തുന്നത്.
ഇരട്ട പേരുകളിലും ചില രഹസ്യ കോഡുകളിലുമാണ് ഇവരെ തിരിച്ചറിയുന്നത്. കഴിഞ്ഞ മാസങ്ങൾ കൊണ്ട് കരുനാഗപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഓച്ചിറയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നിരവധി യുവക്കാളെയാണ് ലഹരി വസ്തുക്കളും മായി എക്സൈസും പോലീസും പിടികൂടിയത്.
പുതു തലമുറയെ വഴി തെറ്റിക്കുന്ന ലഹരി മാഫിയക്കെതിരെ കർശന പരിശോധനയുംമായി താലൂക്കിൽ എക്സൈസും പോലീസും നിലയുറപ്പിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി രണ്ട് മാസത്തിനിടയിൽ 29 പേരാണ് അറസ്റ്റിൽ ആയത്.
കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വൻതോതിൽ വിറ്റഴിക്കപ്പെടുന്നതിന് അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘങ്ങൾ നിലയുറപ്പിച്ചിരികുകയാണ്. ഹൈസ്കൂൾ ജംഗ്ഷൻ, തൊടിയൂർ വെളുത്ത മണൽ, തഴവ കടത്തുർ, പുത്തൻ തെരുവ്, പുതിയകാവ്, കുലശേഖരപുരം, കൊച്ചലുമൂട്, വവ്വാക്കവ്, കടത്തുർ, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പ്രദേശങ്ങളിൽ ഇത്തരം സംഘങ്ങൾ പൊതുജനത്തിന് ഭീഷണിയായി മാറുകയാണ്. ചില സ്ക്കൂളുകളിലെ കുട്ടികളിൽ നിന്നും ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തതും ആശങ്കയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.