ചങ്ങനാശേരി: പായിപ്പാട് കിങ്ങണംചിറയിൽ നിന്നും കഞ്ചാവും കാറും ബൈക്കും പിടിച്ചെടുത്ത സംഭവത്തിൽ ഒളിവിലുള്ള രണ്ടു പേർക്കു വേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കഞ്ചാവ് വാങ്ങാനെത്തിയ പായിപ്പാട് സ്വദേശികളായ അജു, നിഖിൽ എന്നിവർക്കു വേണ്ടിയാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി ഇരവിപേരൂർ സംഗീത ഭവനിൽ സനൂപ്(24)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ പട്രോളിംഗിനെത്തിയ പോലീസ് സംഘത്തെ കണ്ട് കഞ്ചാവ് വിൽപ്പനക്കെത്തിയ സനൂപും വാങ്ങാനെത്തിയ രണ്ടുപേരും വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ എടുത്ത കാർ പരിശോധിച്ചപ്പോഴാണ് അരക്കിലോവീതമുള്ള മൂന്നു കിലോ കഞ്ചാവ് പൊതികൾ ഡിക്കിയിൽ നിന്നും കണ്ടെത്തിയത്.
കാറിന്റെ രജിസ്റ്റർ നന്പർ പരിശോധിച്ചപ്പോൾ ഉടമ തിരുവല്ല സ്വദേശിയാണെന്നു കണ്ടെത്തി. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. കാറിന്റെ ഉടമയുടെ അനുജൻ സനൂപാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നു വിൽപ്പന നടത്തിയതെന്നു പോലീസിനു വിവരം ലഭിച്ചു.
ഇതോടെ സനൂപ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.സനൂപിനെതിരേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയന്പത്തൂരിൽ നിന്നാണ് ഇയാൾ കാറിൽ കഞ്ചാവ് എത്തിച്ചത്.
സനൂപ് തമിഴ്നാട്ടിൽ എൻജിനിയറിംഗ് പഠനം നടത്തിയിരുന്നു. ഇതിനുശേഷം നാട്ടിൽ എത്തിയപ്പോൾ വലിയ കടബാധ്യതയുണ്ടായി.
ഇതു തീർക്കുന്നതിനാണ് ജ്യേഷ്ഠന്റെ മാരുതി കാറിൽ കഞ്ചാവ് കച്ചവടത്തിനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ് ഐ അഖിൽദേവ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്കുന്നത്.