തിരുവല്ല: ലഹരി മാഫിയ വിദ്യാലയങ്ങളിലേക്ക് ലക്ഷ്യമിടുന്നു; സ്കൂൾ വിദ്യാർഥികളടക്കം വലയിൽ.മദ്യം ഉപഭോഗത്തേക്കാള്‍ കഞ്ചാവിലേക്കുള്ള ചുവടുമാറ്റം യുവതലമുറയോടൊപ്പം സ്കൂൾ വിദ്യാർഥികളിലും ഭയനാകമായ രീതിയിൽ വർധിച്ചുവരുന്നതായി എക്സൈസ് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് ചെയ്തു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള നിരവധി പേരെയാണ് പോലീസും എക്സൈസും കഞ്ചാവ് വില്പനയുടെയും ഉപയോഗത്തിന്റെയും പേരിൽ പിടികൂടിയിട്ടുള്ളത്.
റാന്നിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കഞ്ചാവ് വില്ക്കാന് കാറിലെത്തിയ ഇടപ്പാവൂര്‍ അമ്പാട്ട് വീട്ടില്‍ രാഹുല്‍, തിരുവല്ലയില്‍ സ്കൂള്‍ പരിസരത്ത് വിദ്യാർഥികള്‍ക്ക് കഞ്ചാവു വില്പന നടത്തിയ കുറ്റപ്പുഴ മാടമുക്ക് ചിറയില്‍പറമ്പില്‍ ജനു എന്നിവരാണ് അവസാനമായി പോലീസിന്റെ വലയില്‍ കുടുങ്ങിയത്. കഞ്ചാവ് പൊടിക്കുന്ന ഉപകരണവും അത് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകളും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു.
മദ്യലഭ്യത കുറഞ്ഞതും മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി പോലീസ് ശക്തമാക്കുകയും ചെയ്തതോടെയാണ് മറ്റ് ലഹരി മാർഗങ്ങളിലേക്ക് യുവാക്കള്‍ തിരിഞ്ഞതെന്നാണ് വിലയിരുത്തല്‍. കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പോലും പോലീസിനു പിടികൂടാൻ കഴിയില്ലെന്നത് ഇവർക്ക് തുണയാകുന്നു.ജില്ലയ്ക്കു പുറത്തുനിന്നും കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളാക്കി വിറ്റഴിക്കുന്ന സംഘങ്ങള്‍ മിക്കയിടത്തും സജീവമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ലഹരി വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കളാണ്.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന അടുത്തകാലത്തായി കൂടുതല്‍ സജീവമാണ്. പിടിക്കപ്പെടുന്നവരില്‍ ഏറെയും ഇത്തരം കണ്ണികളില്‍ പെട്ടവരാണ്. ചെറിയ അളവില്‍ കഞ്ചാവുമായി നിരവധി പേരെ പിടികൂടുന്നുണ്ടെങ്കിലും വന്‍കിടക്കാരെ കണ്ടെത്താന്‍ പോലീസിനോ എക്സൈസിനോ കഴിയുന്നില്ല. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികള്‍ അവിടെനിന്നും ലഹരി വസ്തുക്കള്‍ എത്തിച്ച് സ്കൂളുകള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് അടിപൊളി ജീവിതത്തിനുള്ള മരുമാന മാർഗമാണിത്.
അടൂരില്‍ ഒരു വിദ്യാർഥി ഇത്തരത്തില്‍ അറസ്റ്റിലായത് അടുത്തകാലത്താണ്. കഞ്ചാവ് മാഫിയ സ്കൂള്‍ വിദ്യാർഥികള്‍ക്ക് തുടക്കത്തില്‍ കഞ്ചാവ് സൗജന്യമായി നല്‍കുകയും അകപ്പെട്ടു പോന്നവരെ പിന്നീട് കച്ചവട സൃംഘലയില്‍ കണ്ണികളാക്കാറും ഉണ്ടത്രെ. പ്ലസ് ടു ക്ലാസ് മുതല്‍ താഴോട്ടുള്ള വിദ്യാർഥികളില്‍ പലരും ലഹരി ഉപയോഗിക്കുന്നവരില്‍ പെടുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുറഞ്ഞ ചെലവില്‍ കിക്ക് ലഭിക്കുമെന്നതും പരിശോധനകളില്‍ പെട്ടെന്ന് പിടിക്കപ്പെടാത്തതുമാണ് കൂടുതല്‍ പേരെ കഞ്ചാവ് പോലുള്ള ലഹരിയിലേക്ക് ആകര്‍ഷിക്കുന്നത്. യുവാക്കളും വിദ്യാർഥികളുമാണ് ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുന്നവരില്‍ ഭൂരിഭാഗവും. ആളൊഴിഞ്ഞ പ്രദേശങ്ങളാണ് ലഹരിയുടെ ഉപയോഗത്തിനും വില്പനയ്ക്കുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വില്പന സംഘങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
അടുത്തകാലത്തായി ധാരാളം ചില്ലറ വില്പനക്കാരെ പിടികൂടിയെങ്കിലും ഇത്തരക്കാരെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. മാഫിയ തലവന്മാരുടെ സംഘങ്ങളെ പിടിക്കാന്‍ കഴിയാത്തതാണ് വീണ്ടും ലഹരിയുടെ ഒഴുക്ക് തുടരാന്‍ കാരണം. തുടര്‍ച്ചയായി ലഹരിവസ്തുക്കള്‍ പിടികൂടിയാലും ഇവിടേക്കുള്ള കഞ്ചാവിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഒഴുക്ക് നിലയ്ക്കാറില്ല.
തമിഴ്നാട്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന വന്‍കിട ഏജന്റുമാരാണ് വില്പനയ്ക്കു പിന്നിലെന്ന് പറയപ്പെടുന്നു. എക്സൈസ് വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലഹരിക്കെതിരായ പ്രചരണങ്ങള്‍ കാര്യമായ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍.