നീണ്ടൂർ: കൈപ്പുഴ ശാസ്താങ്കലിന് സമീപം ഒരു കുടുംബത്തിലെ രണ്ടു പേർ ഇന്ത്യയിൽ നിരോധിച്ച കഞ്ചാവ് അടങ്ങിയ മിഠായി കഴിച്ച് അവശരായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സിപിഎം സ്വതന്ത്രനായ നീണ്ടൂർ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ ജോലിക്കു ചെന്ന ആളിന് കഴിഞ്ഞ വെള്ളിയാഴ്ച കഞ്ചാവ് അടങ്ങിയ മിഠായി നൽകിയെന്നാണ് ആക്ഷേപം. ലഹരി മിഠായിയാണെന്ന് മെംബർ ഇയാളോട് സൂചിപ്പിച്ചിരുന്നെന്നും പറയുന്നു.
ഇയാൾ വീട്ടിൽ കൊണ്ടുപോയ മിഠായി ലഹരിയുണ്ടെന്നറിയാതെ ഭാര്യയും മകനും കഴിക്കുകയും അവശനിലയിലാകുകയും ചെയ്തു. കൈപ്പുഴ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരെയും ആശുപത്രി അധികൃതർ മെഡിക്കൽ കോളജിലേക്ക് അയച്ചു.
വിഷയത്തിൽ പോലീസ് ഗൗരവമായി ഇടപെടുന്നില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്ന് അവർ പറയുന്നു.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കും നീണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരാതി നൽകി.