സ്വന്തം ലേഖിക
കൊച്ചി: ലഹരി മാഫിയയ്ക്കെതിരെ വല വിരിച്ചിരിക്കുന്ന പോലീസിന് തലവേദനായായി കഞ്ചാവു മിഠായി വില്പനയും. എംഡിഎംഎ അടക്കമുള്ള രാസലഹരിക്കിടയിലാണ് ചോക്ലേറ്റിൽ പൊതിഞ്ഞിരിക്കുന്ന കഞ്ചാവു മിഠായികളുമായി അതിഥി തൊഴിലാളികളുടെ വില്പന.
ബീഹാർ സ്വദേശികളായ സഹോദരൻമാരാണ് വില്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി ഇന്നലെ എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ബിഹാർ ഗയ സ്വദേശികളായ മനോജ് ദാസ്, വൈദ്നാഥ് ദാസ്, നരേഷ് ദാസ് എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 46 കഞ്ചാവ് മിഠായികൾ കണ്ടെടുത്തു. പാൻ മസാല കച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ വില്പന. എസ്ആർഎം റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറി വാടകയ്ക്ക് എടുത്താണ് കച്ചവടം നടത്തിയിരുന്നത്.
ഇരുപത് മുതൽ 50 രൂപ വരെ ഈടാക്കിയായിരുന്നു കഞ്ചാവ് മിഠായി വിറ്റിരുന്നതെന്ന് എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ പറഞ്ഞു.
വില്പനക്കാർ ബീഹാർ സ്വദേശികൾ
നഗരപരിധിയിൽ വില്പനയ്ക്കെത്തിയ കഞ്ചാവ് മിഠായി ആദ്യം പിടികൂടിയത് എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശി വികാസ് (30), അസം സ്വദേശി സദ്ദാം (31) എന്നിരാണ് ഡിസംബർ 28 ന് കഞ്ചാവ് മിഠായികളുമായി സെൻട്രൽ പോലീസിന്റെ പിടിയിലായത്.
ബാനർജി റോഡിലെ ബിവറേജസ് ഓഫീസിനു പിന്നിൽനിന്നാണ് കഞ്ചാവ് അടങ്ങിയ ’പവർ’ എന്ന പേരിലുള്ള മിഠായികളുമായി പ്രതികൾ പിടിയിലായത്. മൂന്ന് കിലോ വരുന്ന 30 പാക്കറ്റുകളിലായി 1200 മിഠായികൾ ഇവരുടെ കൈവശം കണ്ടെത്തുകയുണ്ടായി.
തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ വരുന്ന 40 മിഠായി പായ്ക്കറ്റുകളുമായി മൂന്ന് ബീഹാർ സ്വദേശികളെക്കൂടി സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു. ബീഹാർ സ്വദേശികളായ അജയകുമാർ (21), മണ്ടൂർ യാദവ് (25), മുകേഷ്കുമാർ (33) എന്നിവരാണ് അന്ന് പിടിയിലായത്.
മുല്ലശേരി കനാൽ ഭാഗത്തുനിന്നായിരുന്നു ഇവർ പിടിയിലായത്. ഒരു പായ്ക്കറ്റിൽ 50 കഞ്ചാവ് മിഠായികൾ വീതം കണ്ടെത്തുകയുണ്ടായി. പിടിയിലായവരിലേറെയും ബീഹാർ സ്വദേശികളാണെന്ന് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്.വിജയശങ്കർ പറഞ്ഞു.
ചോക്ലേറ്റിൽ പൊതിഞ്ഞ ലഹരി
ചോക്ലേറ്റിൽ പൊതിഞ്ഞ ഇവ കണ്ടാൽ ചെറിയ പാക്കറ്റിലുള്ള മിഠായി എന്നെ തോന്നൂ. ഇത് ഉപയോഗിച്ചാൽ പെട്ടെന്ന് ഉൻമാദാവസ്ഥയിലാകും.
അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് മിഠായികൾ എത്തുന്നത്. കഞ്ചാവ് മിഠായി മാഫിയയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ പറഞ്ഞു.