അഗളി: പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വൻ കഞ്ചാവുചെടികൾ നശിപ്പിച്ചു. പാലക്കാട് ഐബിയും, അഗളി റേഞ്ചും, മുക്കാലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി അട്ടപ്പാടി മേഖലയിലെ ഗോട്ടിയാർ കണ്ടി, കുറുക്കത്തികല്ല് വന മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഗോട്ടിയാർ കണ്ടി ഉൗരിൽ നിന്നും ഏകദേശം 6 കിലോമീറ്റർ പടിഞ്ഞാറു മാറി കാണുന്ന കന്നുമലയുടെ പടിഞ്ഞാറെ ചേരുവിൽ നടത്തിയ പരിശോധനയിൽ ഒരു ഏക്കറോളം വരുന്ന സ്ഥലത്തുള്ള 70 തടങ്ങളിലായി വളർത്തി വന്ന ഉദ്ദേശം രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികൾ നശിപ്പിച്ചത്.
തൊട്ടടുത്ത് തന്നെ കഞ്ചാവ് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ കഞ്ചാവ് നഴ്സറിയും നശിപ്പിച്ചു. ഒരിടവേളക്ക് ശേഷമാണ് എക്സൈസ് അട്ടപ്പാടി മേഖലയിൽ കഞ്ചാവ് വേട്ട നടത്തിയത്. കഞ്ചാവ് തോട്ടത്തിൽ കണ്ട കൃഷിക്കാർ ഉപയോഗിച്ച് വന്നിരുന്ന ഷെഡ്ഡും നശിപ്പിച്ചു. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും, വളരെയേറെ ദുർഘടം പിടിച്ചതുമായ മലയടിവാരത്തിലെ വനാന്തർ ഭാഗത്ത് ആണ് കഞ്ചാവ് കൃഷി ചെയ്തു വന്നിരുന്നത്.
ഈ മാസം തന്നെ ഗോട്ടിയാർ കണ്ടി മേഖലയിൽ 117 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. സമുദ്ര നിരപ്പിൽ നിന്നും ഉദ്ദേശം 1200 അടി മലയടിവാരത്തിൽ നടത്തിയ റെയ്ഡിൽ ആണ് കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിക്കാനായത്. വി. അനൂപ്, കൃഷ്ണൻ കുട്ടി (എക്സൈസ് ഇൻസ്പെക്ടർ ) ബി. ശ്രീജിത്ത്, സെന്തിൽ കുമാർ, കെ. എസ്. സജിത്ത്, എം. യൂനുസ്, പി. എൻ. രാജേഷ് കുമാർ (പ്രിവന്റീവ് ഓഫീസേഴ്സ് ),പ്രദീപ് (സിവിൽ എക്സൈസ് ഓഫീസർ ), എൻ. പഞ്ചൻ, ബി. പ്രണവ്(മുക്കാലി ഫോറസ്റ്റ് ഓഫീസേഴ്സ് )എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത് .