സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിഷുദിനത്തിൽ 370 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവ് ട്രെയിനിൽ കയറ്റി അയച്ചവരെയും മറ്റും കുറിച്ച് എക്സൈസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. അസി.എക്സൈസ് കമ്മീഷണർ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം പാറ്റ്നയിലും മറ്റും പോയി വിവരങ്ങൾ ശേഖരിച്ചിരുന്നു.
പാറ്റ്നയിൽ നിന്ന് ഭുവനേശ്വറിലേക്ക് കയറ്റി അയച്ച കഞ്ചാവ് ഭുവനേശ്വറിൽ ഇറക്കാൻ കഴിയാതെ വന്നപ്പോഴാണ് എറണാകുളത്തേക്ക് എത്തിയതെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. തുടർന്ന് കഞ്ചാവ് എറണാകുളം – പാറ്റ്ന ട്രെയിനിൽ തിരിച്ചയക്കുന്പോഴാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസും റെയിൽവേ പോലീസും നടത്തിയ പരിശോധയിൽ ട്രെയിനിലെ പാഴ്സൽ ബോഗിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ഒന്നരക്കോടിയോളം രൂപ വിലവരുന്ന കഞ്ചാവാണ് വിഷുദിനത്തിൽ പിടികൂടിയത്. 11 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതിരിക്കാൻ കഞ്ചാവ് നിറച്ച ചാക്കുകളിൽ മൈലാഞ്ചി ഇലയും വെച്ചിരുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഭുവനേശ്വറിലേക്ക് അയച്ച കഞ്ചാവ് അവിടെ ഇറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് എറണാകുളത്തേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ഇവിടെ നിന്നും തിരിച്ച് ഭുവനേശ്വറിലേക്ക് മടക്കി അയക്കുന്പോഴാണ് എക്സൈസിന്റെ പിടിയിലായതെന്നും സംശയിക്കുന്നതായി അന്നുതന്നെ തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രാജേഷ് പറഞ്ഞിരുന്നു.
ഒരു ഗന്ധവും പുറത്തുവരാത്ത രീതിയിലാണ് കഞ്ചാവ് പായ്ക്ക് ചെയ്തിരുന്നത്. തുറന്നുനോക്കിയാൽ മാത്രമേ ഗന്ധം തിരിച്ചറിയാനാകുമായിരുന്നുള്ളുവെന്നും ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് കഞ്ചാവാണെന്ന് ഉറപ്പുവരുത്തിയാണ് ഇവ പിടിച്ചെടുത്തതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി കഞ്ചാവ് ഇലകൾ കൂടുതലായി പൊടിച്ച നിലയിലായിരുന്നു.
കേരളവുമായി ബന്ധമുണ്ടോഎന്ന് അന്വേഷിക്കുന്നു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ് മാഫിയയാണ് തൃശൂരിൽ പിടികൂടിയ 370 കിലോ കഞ്ചാവിന് പിന്നിലുള്ളതെന്നാണ് എക്സൈസ് സംശയിക്കുന്നത്. അവിടെ അണ്ലോഡ് ചെയ്യാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഇത് കേരളത്തിലെത്തിയതെന്നും അസി.എക്സൈസ് കമ്മീഷണർ ഗോപകുമാർ പറഞ്ഞു.
എങ്കിലും കേരളത്തിൽ ഈ സംഘത്തിന് എന്തെങ്കിലും ബന്ധങ്ങളുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവു പ്രകാരം കേസെടുത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്താൻ പാടില്ലെന്നതുകൊണ്ട് അന്വേഷണം അസി.എക്സൈസ് കമ്മീഷണർക്ക് അന്നുതന്നെ കൈമാറിയിരുന്നു. അന്വേഷണം ഉൗർജിതമാണെന്നും കഞ്ചാവ് അയച്ചയാളുടേയും സ്വീകരിക്കേണ്ടയാളുടേയും വിലാസങ്ങളും മറ്റുമടക്കമുള്ള രേഖകൾ ശേഖരിച്ചുവരികയാണെന്നും അസി.എക്സൈസ് കമ്മീഷണർ പറഞ്ഞു.
വടക്കേ ഇന്ത്യൻ കഞ്ചാവ് മാഫിയ ശക്തം
തമിഴ്നാട്ടിലെ കന്പം, തേനി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് ഒഴുകിയിരുന്നുവെങ്കിലും പരിശോധനകൾ കർശനമായതോടെ അവിടെ നിന്നുമുള്ള കഞ്ചാവിന്റെ ഒഴുക്കിന് ചെറിയ തടസം നേരിട്ടതോടെയാണ് വടക്കേ ഇന്ത്യൻ കഞ്ചാവ് മാഫിയ കളത്തിലിറങ്ങിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ ജോലിക്കും മറ്റുമായി കേരളത്തിലേക്ക് എത്താൻ തുടങ്ങിയത് ഉത്തരേന്ത്യൻ കഞ്ചാവ് മാഫിയക്ക് കാരിയർമാരെ കിട്ടാൻ എളുപ്പമായി. കുറഞ്ഞചിലവിൽ കേരളത്തിലേക്ക് ഉത്തരേന്ത്യയിൽ നിന്ന് സുരക്ഷിതമായി കഞ്ചാവ് എത്തിക്കാൻ ഇത്തരം കാരിയർമാരുണ്ടായി. ഇതോടെ ബീഹാറിൽ നിന്നും ബംഗാളിൽ നിന്നുമൊക്കെ മുന്തിയ ഇനം കഞ്ചാവ് കേരളത്തിലേക്കൊഴുകി.
ട്രെയിനിലും ലോറിയിലുമൊക്കെയായി ഉത്തരേന്ത്യൻ ലഹരി ഇവിടേക്കെത്തി. കൊച്ചിയും തൃശൂരും കോഴിക്കോടും ഉത്തരേന്ത്യൻ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രങ്ങളായി. ശക്തമായ മാഫിയാണ് വടക്കേ ഇന്ത്യയിലെ കഞ്ചാവ് ബിസിനസ് നിയന്ത്രിക്കുന്നതെന്നാണ് അന്വേഷണത്തിനായി പാറ്റ്നയിലെത്തിയ എക്സൈസ് അന്വേഷണസംഘത്തിന് മനസിലായത്. നിയമങ്ങളെല്ലാം കർശനമാണെങ്കിലും ഉത്തരേന്ത്യൻ ലഹരി മാഫിയ ശക്തമാണെന്ന് അവിടുള്ളവർ മുന്നറിയിപ്പ് നൽകുന്നു.