
തുറവൂർ: തീരദേശത്ത് കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നതായി പരാതി. പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറു ഭാഗം, വാലയിൽ പൊഴിച്ചാൽ, മുതുകേൽ റോഡിന് കിഴക്ക് ഭാഗത്തുള്ള കെട്ടിടം, മുഞ്ചക്കാട്, ചാപ്പക്കടവ് മത്സ്യഗ്യാപ് പ്രദേശം, ഇതിന് കിഴക്കുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടം എന്നിവിടങ്ങളാണ് മയക്കുമരുന്നിന്േറയും കഞ്ചാവ് വിൽപനയുടേയും കേന്ദ്രം.
കണ്ണമാലി മുതൽ അർത്തുങ്കൽ വരേയുള്ള തീരദേശ മേഖലയിൽ നിന്ന് നിരവധി യുവാക്കളാണ് ഇവിടെ എത്തി മയക്കുമരുന്നു വാങ്ങുന്നതും ഉപയോഗിക്കുന്നതും.
പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറ് കടൽ ഭിത്തിയോട് ചേർന്ന് നിരവധി വിദ്യാർഥികളും യുവാക്കളുമാണ് രാപകൽ വ്യാത്യാസമില്ലാതെ ദിവസവും പരസ്യമായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്നത്.
ആരെങ്കിലും ചോദ്യം ചെയ്താൽ മാരകായുധങ്ങളുമായി ആക്രമിക്കുകയാണ് പതിവ്. ഇതുമൂലം പരിസരവാസികൾ ഭീതിയിലാണ്്. പരിസരത്തെ വീടുകളുടെ മുന്പിൽ മാലിന്യങ്ങൾ ഇടുന്നതും പ്രശ്നമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും ഇതിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. പോലീസിനും എക്സൈസിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.