പാലക്കാട്: പാലക്കാട് ജില്ലയിൽ എക്സൈസ് അധികൃതരുടെ റെയ്ഡിൽ അതിർത്തി കടന്നെത്തിയ വൻ കഞ്ചാവുശേഖരം പിടികൂടി. സംഭവത്തിൽ പിടിയിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു. വാളയാർ, ഒലവക്കോട് ഭാഗങ്ങളിൽനിന്നായാണ് 22 കിലോ കഞ്ചാവ് അധികൃതരുടെ പരിശോധനയിൽ പിടികൂടിയത്.
കോയന്പത്തൂരിൽനിന്നും പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 14 കിലോ കഞ്ചാവ് തൃത്താല എക്സൈസ് സംഘമാണ് പിടികൂടിയത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി നിബാസ് ചന്ദ്രമണ്ഡൽ (36) ആണ് പിടിയിലായത്. വാളയാർ അട്ടപ്പള്ളം ടോൾപ്ലാസയ്ക്കു സമീപത്തു നിന്ന് ഇന്നലെ ഉച്ചയ്ക്കു 2.30ഓടെ ഒന്പത് വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി കോയന്പത്തൂരിൽനിന്നെത്തിയ ബസിൽ നിന്നിറങ്ങി കവറുകൾ തലയിൽ ചുമന്ന് കൊണ്ടുപോകുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശൻ, എം.ബി ഷാജു, രാജേഷ്, രാജു എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.പാലക്കാട് നഗരത്തിൽ ഒലവക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നാണ് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. പാലക്കാട് എക്സൈസ് റേഞ്ചിന്റെയും ആർപിഎഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവത്തിൽ മലപ്പുറം തിരൂർ ഇരുന്പില്ലയം വലിയകുന്ന് വിഷ്ണു (21) ആണ് പിടിയിലായത്. രാവിലെ 9.30നാണ് സംഭവം. ബംഗളൂരുവിൽനിന്ന് മലപ്പുറത്തേക്ക് വിതരണംചെയ്യാനായി കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് ഇയാൾ വെളിപ്പെടുത്തി.
റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, ഐബി ഇൻസ്പെക്ടർ വി. രജനീഷ്, ആർപിഎഫുകാരായ മാത്യു ടി. സെബാസ്റ്റ്യൻ, സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു